സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചതിന് അഭിജിത്തിന് സസ്‌പെന്‍ഷന്‍, ആരോപണം തള്ളി ആനാവൂര്‍

1 min read

തിരുവനന്തപുരം: വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. അതേസമയം, എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂര്‍ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂര്‍ പ്രതികരിച്ചു. എസ്എഫ്‌ഐയില്‍ അംഗത്വമെടുക്കുമ്പോള്‍ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാര്‍ ഒള്ളൂ. ഞാന്‍ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂര്‍ നാഗപ്പന്‍ ചോദിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടി കടുപ്പിക്കുകയാണ് സിപിഎം. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി കൊണ്ടുള്ള ശബ്ദരേഖ പുറത്ത് വന്നത്. എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചത് ആനാവൂരാണെന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബദരേഖയാണ് പുറത്ത് വന്നത്.

തിരുവനന്തപുരത്ത് സിപിഎമ്മിന്റേയും വര്‍ഗ ബഹുജന സംഘടനകളുടേയും വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയ!ര്‍ന്നത്. അതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ കുടുക്കിയുള്ള ശബ്ദരേഖ പുറത്ത് വരുന്നത് . ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏര്യാ കമ്മിറ്റി അംഗവുമായിരുന്നു ജെജെ അഭിജിത്ത്. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന് അഭിജിത്തിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഇടപെട്ടതിന് അഭിജിത്തിനെ കഴിഞ്ഞ ദിവസം നേമം ഏരിയാകമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിിരുന്നു. ശബ്ദരേഖ കൂടി പുറത്തുവന്നതോടെയാണ് അഭിജിത്തിനെ സസ്‌പെന്‍!ഡ് ചെയ്തത്.

അഭിജിത്തിനെതിരെ നടപടി വരുമ്പോഴും ആനാവൂര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ദത്ത് വിവാദത്തിനും കത്ത് വിവാദത്തിനും പിന്നാലെയാണ് ജില്ലാ സെക്രട്ടറി പുതിയ ആരോപണത്തില്‍ ഉള്‍പ്പെടുന്നത്. അഭിജിത്തിനെതിരെ നേരത്തെ തന്നെ പരാതികള്‍ വന്നസമയത്തെല്ലാം രക്ഷകനായത് ആനാവൂരാനാണെന്നാണ് പാര്‍ട്ടിയിലെ എതിര്‍ ചേരിയുടെ പരാതി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടും ആനാവൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ ജില്ലയിലെ പാര്‍ട്ടിയില്‍ വലിയ അമര്‍ഷമാണുള്ളത്. ശബ്ഗരേഖ പുറത്തുവന്നതിന് പിന്നാലെ ഉള്‍പ്പാര്‍ട്ടി പോരും കാരണമാണെന്ന സൂചനകളുമുണ്ട്.

Related posts:

Leave a Reply

Your email address will not be published.