വലിയ യന്ത്രഭാഗങ്ങളുമായി ട്രെയിലറുകള്‍ താമരശ്ശേരി ചുരം കയറി; മിഷന്‍ സക്‌സസ്
1 min readകോഴിക്കോട്: തടഞ്ഞിട്ട ട്രെയിലറുകള്‍ താമരശ്ശേരി ചുരം കയറി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്‌ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങള്‍ വഹിച്ച ട്രെയ്‌ലര്‍ രണ്ട് ഇടങ്ങളില്‍ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന ട്രെയ്‌ലറുകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകള്‍ ചുരം കയറുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു.
താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്‌റഫിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസില്‍ദാര്‍ സി. സുബൈര്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ രാജീവ് കുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെ.എസ്. ഇ ബി. അധികൃതരും ചുരത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ക്രെയിന്‍ സര്‍വ്വീസും സജ്ജീകരിച്ചു
നെസ്ലെ കമ്പനിക്കു പാല്‍പൊടിയും മറ്റും നിര്‍മിക്കാന്‍ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി കര്‍ണാടകത്തിലെ നഞ്ചന്‍കോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകള്‍ സെപ്റ്റംബര്‍ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടിരുന്നത്.
ചുരം കയറിയാല്‍ ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയില്‍ തടഞ്ഞിട്ട ട്രെയ്‌ലറുകള്‍ മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങള്‍ ഏര്‍പെടുത്തി ചുരം കയറാന്‍ അനുവദിച്ചത്. ട്രെയ്‌ലറുകള്‍ കയറുന്നതിന്റെ ഭാഗമായി
താമരശ്ശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5 വരെയാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.