പ്രിയ വര്‍ഗീസിന്റെ നിയമന കാര്യത്തില്‍ തീരുമാനം സ്‌ക്രൂട്‌നി കമ്മിറ്റിക്ക് വിട്ടു
1 min read
കണ്ണൂര്‍: സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന കാര്യത്തിലെ തീരുമാനം എടുക്കാന്‍ വിഷയം സ്‌ക്രൂട്‌നി കമ്മിറ്റിക്ക് വിട്ടു. ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണം എന്നായിരുന്നു നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതിയാണ് വിധിച്ചത്. വിധി ചര്‍ച്ച ചെയ്യാനാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേര്‍ന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യതകള്‍ സര്‍വകലാശാലയിലെ സ്‌ക്രൂട്‌നി കമ്മിറ്റി വീണ്ടും പരിശോധിക്കും.
പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളാവും ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സര്‍വ്വകലാശാല നടപടികളൊന്നും എടുക്കാന്‍ തയ്യാറായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സിന്റിക്കറ്റ് യോഗങ്ങള്‍ നേരത്തെ രണ്ട് തവണ മാറ്റി വച്ചിരുന്നു.