ബഫര്‍സോണ്‍: മന്ത്രിമാര്‍ കര്‍ദിനാള്‍ ക്ലിമ്മിസിനെ കണ്ടു

1 min read

തിരുവനന്തപുരം: ബഫര്‍സോണ്‍ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ക്ലിമ്മിസിനെ കണ്ടു. കര്‍ദിനാള്‍ ക്ലിമ്മിസിനെ ഇറക്കി സഭകളെ അനുനയിപ്പിക്കാനാണ് ശ്രമം. കര്‍ദിനാളിനെ കണ്ടതിന് പിന്നാലെ ബഫര്‍സോണില്‍ ഒരു ആശങ്കയും ഇല്ലെന്നായിരുന്നു റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ഫീല്‍ഡ് സര്‍വേ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കര്‍ദിനാളിനെ കണ്ടത് ക്രിസ്തുമസ് ആശംസ അറിയിക്കാനെന്നും മന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍ ആശങ്ക തീര്‍ക്കാനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍ ചേരും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും ഇന്ന് ചേരും.

സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. ഇടുക്കി ജില്ലയിലെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വ്വേ നമ്പറുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിര്‍ദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിര്‍ത്തിയിലെ വില്ലേജുകള്‍, ബഫര്‍ സോണ്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ച വില്ലേജുകള്‍ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസര്‍മാരോട് ആണ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.