ഡി ആര്‍ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി ബിജെപി

1 min read

തിരുവനന്തപുരം : കത്ത് വിവാദത്തിലെ സമരത്തിനിടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍ അനില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്ന് ബിജെപി. നടപടി ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തയയ്ക്കും. നഗരസഭയില്‍ രാപ്പകല്‍സമരം നടത്തിയ അംഗങ്ങളെ പൊലീസ് അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് നീക്കിയ നടപടി ഗൂഡാലോചനയുടെ ഭാഗമാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് ആരോപിച്ചു.

‘പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം”എന്നായിരുന്നു ഡി ആര്‍ അനില്‍ നടത്തിയ വിവാദ പരാമര്‍ശം. അനിലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടയുകയും ചെയ്തു. ഇതിനിടെ നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒന്‍പത് വനിതാ ബിജെപി അംഗങ്ങളെ മേയര്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ മറ്റ് ഏജന്‍സികളുടെ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്താന്‍ ആളുകളെ ആവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജന പക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നിയമനങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനെ വെച്ച് പരിശോധിക്കണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. ആരോപണം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. തന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.