ശബരിമല തീര്‍ത്ഥാടനത്തില്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ചെന്നിത്തല
1 min readതിരുവനന്തപുരം : ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇലവുംങ്കലില്‍ നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയില്‍ ഒന്നര കിലോമീറ്റര്‍ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കല്‍ പത്തനംതിട്ട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാന്‍ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങള്‍ പമ്പ മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണവിധേയമായി മാത്രമേ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. നിലവിലെ നിയന്ത്രണങ്ങള്‍ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. തിരക്ക് പരിഗണിച്ച് നാളെയും രാത്രി 11.30 വരെ ദര്‍ശനം ഉണ്ടായിരിക്കും.
അതേസമയം സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാന്‍ ബുക്കിങ് കുറച്ചിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതല്‍ വിവിധയിടങ്ങളില്‍ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. അഷ്ടാഭിഷേകം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ എസ്പി ഡിസംബര്‍ 12ന് വൈകിട്ട് ചുമതലയേറ്റിരുന്നു.