ഇറങ്ങിപ്പോയത് നിരുത്തരവാദപരമായ നിലപാട്: മന്ത്രി രാജീവ്

1 min read

തിരുവനന്തപുരം: ചാന്‍സലര്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അവസാന ഭാഗത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിരുത്തരവാദപരമായ സമീപനമെന്ന് വിമര്‍ശിച്ച് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. പ്രതിപക്ഷത്തിന് തര്‍ക്കിക്കാന്‍ ഒന്നും അവശേഷിച്ചിരുന്നില്ല. പ്രോട്ടോക്കോള്‍ ലംഘനമെന്നാണ് അവര്‍ ഉന്നയിച്ച ഒരു പ്രശ്‌നം. എന്നാല്‍ ആ വാദത്തില്‍ നിന്ന് അവര്‍ തന്നെ പിന്‍വാങ്ങി.

പ്രോട്ടോക്കോള്‍ ലംഘനമൊഴിവാക്കാന്‍ വേണ്ടി ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ ചാന്‍സലറായി നിയമിക്കണമെന്ന നിലയിലാണ് അവരുടെ നിര്‍ദ്ദേശം വന്നത്. പ്രോട്ടോക്കോളില്‍ ഒരിടത്തും റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ ഇല്ലാത്തതിനാല്‍ ആ വാദവും നിലനില്‍ക്കുന്നതല്ല.

ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വളരെ ചെറിയ വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇറങ്ങിപ്പോക്കിലേക്ക് നയിക്കേണ്ട വിയോജിപ്പായിരുന്നില്ല ഇത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസോ ചാന്‍സലറാകണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസോ ആകാമെന്ന് തന്നെയാണ് ഞങ്ങളുടെയും നിലപാട്. അവര്‍ മാത്രമേ പാടുള്ളൂവെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതുമാകാം എന്നതായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. തര്‍ക്കം ഇതിലായിരുന്നുവെന്നും മന്ത്രി രാജീവ് വിശദീകരിച്ചു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിശാലമായ കാഴ്ചപ്പാട് ഏറ്റവും യോഗ്യനായ ആളെ നിയമിക്കുകയെന്നതാണ്. അത് പരിമിതപ്പെടുത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം. അങ്ങേയറ്റം സങ്കുചിതമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയതെന്നും രാജീവ് കുറ്റപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.