ആര് ചാന്‍സലറാകണമെന്നതില്‍ തര്‍ക്കം മുറുകി, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
1 min readതിരുവനന്തപുരം: ചാന്‍സലര്‍ ബില്ലില്‍ സംസ്ഥാന നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ക്രിയാത്മക ചര്‍ച്ച നടന്നു. പ്രതിപക്ഷ ബദലിനെ വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി പി രാജീവ് പ്രതിരോധിച്ചു. അതേസമയം വിസിമാരെ നിയമിക്കാനുള്ള സമിതിയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മില്‍ ധാരണയായി. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാര്‍ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടര്‍ന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചരിത്രം മാപ്പ് നല്‍കില്ലെന്ന് പ്രതിപക്ഷത്തോട് പി രാജീവ് പറഞ്ഞു. തുടര്‍ന്ന് നിയമസഭ ബില്ല് പാസാക്കി.
വിസിമാര്‍ രാജി വെക്കേണ്ടതില്ലെന്ന കെസി വേണുഗോപാലിന്റെ പ്രസ്താവന ഉന്നയിച്ചാണ് പി രാജീവ് സംസാരിച്ചത്. മുസ്ലിം ലീഗാണ് ഗവര്‍ണ്ണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ എല്ലാവരും യോജിക്കുന്നത് നല്ല കാര്യമാണ്. എത്ര ചാന്‍സലര്‍മാര്‍ സംസ്ഥാനത്ത് വേണമെന്ന് ഇപ്പോള്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഓരോ സര്‍വ്വകലാശാലയുടെയും നിയമം ഭേദഗതി ചെയ്യുമ്പോള്‍ അത് തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു.
ചാന്‍സലര്‍ കരട് ബില്‍ വായിച്ചാല്‍ ഒരുപാട് ചാന്‍സലര്‍മാര്‍ ഉണ്ടാകുമെന്നാണ് തോന്നുന്നതെന്നും ഒരൊറ്റ ചാന്‍സലര്‍ മതിയെന്നുമുള്ള നിര്‍ദ്ദേശം വിഡി സതീശന്‍ വീണ്ടും ആവര്‍ത്തിച്ചു. പ്രാഗത്ഭ്യം ഉള്ളവരെ നിയമിക്കുമെന്ന് പറയുമ്പോള്‍ തന്നെ യോഗ്യത ഉയര്‍ന്നതാകുമെന്നാണ് അര്‍ത്ഥമെന്ന് മന്ത്രി വിശദീകരിച്ചു. വിരമിച്ച ജഡ്ജിമാര്‍ എല്ലാ കാര്യത്തിലും അവസാന വാക്കാകുമെന്ന് കരുതുന്നില്ല. ധൈഷണിക നേതൃത്വമാണ് ചാന്‍ലറാകേണ്ടത്. നിയമനത്തിന് ഒരു സമിതി എന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം നല്ലതെന്നും എന്നാല്‍ സമിതി നിര്‍ദ്ദേശിക്കുന്ന വ്യക്തിക്കെതിരെ ആര്‍ക്കും കോടതിയില്‍ പോകാനാകുമെന്നും മന്ത്രി പറഞ്ഞു.
സമിതിയില്‍ ഭിന്ന നിലപാട് ഉണ്ടെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. അതിനാല്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ വെക്കാമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം സ്പീക്കര്‍ എന്ന നിലപാട് സ്വാഗതാര്‍ഹമാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. എന്നാല്‍ ചാന്‍സലറായി നിയമിക്കേണ്ടത് വിരമിച്ച ജഡ്ജിമാരെ വേണമെന്ന് പ്രതിപക്ഷ നേതാവ് വീണ്ടും ആവശ്യപ്പെട്ടു.
പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കണം എന്ന് നിയമ മന്ത്രി ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ് വല്‍ക്കരണത്തെ പ്രതിപക്ഷം ഭയക്കുന്നുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ആര് ചാന്‍സലറാകണമെന്നതില്‍ തുടര്‍ന്നും തര്‍ക്കമുണ്ടായി. വിദ്യാഭ്യാസ വിദഗ്ദന്‍ എന്ന സര്‍ക്കാര്‍ പ്രതിപക്ഷം അംഗീകരിച്ചില്ല. വിദ്യാഭ്യാസ വിദഗ്ദന്റെ പേരില്‍ പാര്‍ട്ടി നിയമനം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് തുടര്‍ന്നും പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാം. പകരക്കാരുടെ കാര്യത്തിലാണ് ആശങ്കയെന്ന് പ്രതിപക്ഷം പറഞ്ഞു. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്ന് മന്ത്രി രാജീവ് തിരിച്ചടിച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്പര്യമാണ് പ്രതിപക്ഷത്തിനെന്ന് രാജീവ് കുറ്റപ്പെടുത്തി.