wecantbreathe ഹാഷ്ടാഗുമായി കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ സമരവുമായി ഐഎഫ്എഫ്കെയിലും
1 min readതിരുവനന്തപുരം: കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 27 മത് ഐഎഫ്എഫ്കെ വേദിയിലേക്കും പടരുന്നു. #wecantbreathe എന്ന ലോകപ്രശസ്ത പ്രതിരോധ മുദ്രാവാക്യമുയര്‍ത്തി, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ ഇന്ന് വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തീയറ്ററില്‍ ഒത്ത് കൂടും. ആഷിഖ് അബു, മഹേഷ് നാരായണന്, ജിയോ ബേബി, ബിജിബാല്‍, കമല്‍ കെ എം, ഷഹബാസ് അമന്, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തോടൊപ്പം ചേരും.
കഴിഞ്ഞ രണ്ട് ആഴ്ചയായി വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരത്തിലാണ്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു ജോലി നിര്‍ബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്ററ്റിയൂട്ടില്‍ സമരം ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് സ്വീപ്പര്‍മാരെ അറിയിച്ചിരുന്നത്. വീടിന് പുറത്തെ ശുചിമുറിയില്‍ നിന്ന് കുളിച്ചതിന് ശേഷം മാത്രമേ ഇവരോട് ഡയറക്ടറുടെ വീട്ടില്‍ കയറാന്‍ പാടൊള്ളൂവെന്നും എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും ഡയറക്ടര്‍ ചെയ്യുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
സമരത്തിനിടെ ഐഎഫ്എഫ്കെയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് താമസ സൗകര്യം നിഷേധിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായത്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന് വിദ്യാര്‍ത്ഥികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഡയറ്കടര്‍ ശങ്കര്‍ മോഹനന് അനുകൂലമായ നിലപാടെടുത്തതിനെ തുടര്‍ന്ന് സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന കത്തെഴുതികൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഐഎഫ്എഫ്കെ വേദികളിലൊന്നായ ടാഗോര്‍ തീയ്യറ്ററില്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതെന്ന് സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്മാന് ശ്രീദേവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.