വിഴിഞ്ഞം തുറമുഖ നിര്‍മാണം ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നീക്കം

1 min read

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം പുനരാരംഭിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതോടെയാണ് നിര്‍മാണ സാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. 20 ലോഡ് നിര്‍മാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തില്‍ എത്തിച്ചത്.

പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിലവിലെ ശ്രമം. ഇതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടണ്‍ ആയി ഉയര്‍ത്താനാണ് ശ്രമം.സമരത്തിന് മുമ്പ് 12,000 ടണ്‍ മുതല്‍ 15,000 ടണ്‍ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിര്‍ത്തിയിട്ടിരുന്ന ബാര്‍ജുകള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.

ആകെ പുലിമുട്ട് വേണ്ടത് 2.9 കി.മീ ദൂരം.ഇതില്‍ 1.4 കി.മീ നിര്‍മാണമാണ് ഇതുവരെ തീര്‍ന്നത്.ബെര്‍ത്ത് നിര്‍മാണത്തിനായുള്ള പൈലിംഗ് പൂര്‍ത്തിയായി. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡില്‍ 600 മീറ്റര്‍ മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കണമെന്നാണ് സര്‍ക്കാര്‍ കണക്കുക്കൂട്ടല്‍.

Related posts:

Leave a Reply

Your email address will not be published.