പൊലീസ് സ്റ്റേഷന് അക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് കെ.മുരളീധരന്
1 min readതിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കെ.മുരളീധരന് എംപി. വിഴിഞ്ഞം വിഷയത്തില്‍ സിപിഎം മലക്കം മറിയുകയാണെന്നും യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവര്‍ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും മുരളീധരന് പറഞ്ഞു. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവിലെന്നും മുരളീധരന് പരിഹസിച്ചു.
മുരളീധരന്റെ വാക്കുകള്‍
ഇനി നേമം സീറ്റ് കിട്ടില്ല എന്നറിയുന്നതു കൊണ്ടാണ് മന്ത്രി വി.ശിവന്‍കുട്ടി ലത്തീന്‍ അതിരൂപതയെ വിമര്‍ശിക്കുന്നത്. ഇവിടെ ജാതിയുടേയും മതത്തിന്റേയും പേരില്‍ സംഘര്‍ഷം ഉണ്ടാകരുത്. പോലീസ് സ്റ്റേഷന് ആക്രമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കടപ്പുറത്തെ പ്രശ്നങ്ങള്‍ കൈവിട്ടു പോകുമെന്ന് അറിയാത്ത ആളാണോ മുഖ്യമന്ത്രി. ഈ ആക്രമണത്തിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ആരാണ് ഇവിടെ തീവ്രവാദി? അങ്ങനെ ആരെങ്കിലും നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അവരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് സര്‍ക്കാരല്ലേ..?
മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കാന്‍ ആരാണ് മന്ത്രിക്ക് അനുമതി കൊടുത്തത്, മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ സംഘപരിവാറിനെ അഴിഞ്ഞാടാന്‍ അനുവദിക്കുന്ന സ്ഥിതിയാണ് ഇവിടെ. മത്സ്യത്തൊഴിലാളിയുടെ ചട്ടിയില്‍ കൈയിട്ട് വേണമോ അദാനിയുടെ നഷ്ടം നികത്താന്‍ അതു കൊടുക്കുന്നത് സംഘി മുഖ്യമന്ത്രിയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നോര്‍ക്കണം. സംഘര്‍ഷം കത്തി നില്ക്കുന്ന വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് ആക്രമണം ഉണ്ടാകും എന്ന് സര്‍ക്കാര്‍ അറിഞ്ഞില്ലേ…? അത് സര്‍ക്കാരിന്റെ പരാജയമാണ്. രാജ്യദ്രോഹി എന്ന് വിളിക്കാന്‍ മന്ത്രിക്ക് കൊമ്പുണ്ടോ.? മന്ത്രി അബ്ദുറഹ്മാന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. പോലീസ് സ്റ്റേഷന് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം