കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പരിപാടി വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

1 min read

കോഴിക്കോട്: പാമ്പ് പിടുത്തക്കാരില്‍ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാന്‍ ഡിഎഫ്ഒ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും നഴ്‌സിങ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള വിഷ പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കല്‍ കോളേജ് പോലുള്ള സ്ഥാപനത്തില്‍ പാമ്പുപിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചതും, വിഷ പാമ്പുകളെ കൊണ്ടുവന്നതും വിമര്‍ശനത്തിന് കാരണമായി. മന്ത്രിമാര്‍ അടക്കം വാവ സുരേഷിന്റെ രീതിയെ വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏറെ നാള്‍ വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് സുരക്ഷിതമല്ലാത്ത മാര്‍ഗത്തിലൂടെയല്ലാതെ പാമ്പുപിടിക്കരുതെന്ന് വിദ?ഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ക്ലാസെടുക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ക്ഷണിച്ചതും വിഷപ്പാമ്പുകളെ കൊണ്ടുവന്നതും.

Related posts:

Leave a Reply

Your email address will not be published.