പ്രളയകാലത്ത് അരി നല്‍കിയത് സൗജന്യമായി, ഇപ്പോള്‍ പണം വേണമെന്ന് കേന്ദ്രം; പി രാജീവ്

1 min read

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നല്‍കിയ അരിയുടെ പണം ഇപ്പോള്‍ വേണമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ എത്രയും പെട്ടെന്ന് അടച്ചില്ലെങ്കില്‍ കേരളത്തിന് നല്‍കേണ്ട ഭക്ഷ്യ സബ്‌സിഡിയില്‍ നിന്ന് പിടിക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായിട്ടേ ഈ നീക്കത്തെ കാണാനാകൂ എന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മഹാപ്രളയകാലത്ത് സൗജന്യമായി വിതരണം ചെയ്ത അരിയുടെ വില പിടിച്ചുവാങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് പി രാജീവ് പറയുന്നു. 205.81 കോടി രൂപ എന്ന ഭീമമായ തുക എത്രയും പെട്ടെന്ന് അടച്ചില്ലെങ്കില്‍ കേരളത്തിന് നല്‍കേണ്ട ഭക്ഷ്യ സബ്‌സിഡിയില്‍ നിന്ന് പിടിക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ ആജ്ഞ അനുസരിക്കേണ്ടിവന്നത്. ഇതല്ലെങ്കില്‍ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ഈ പണം പിടിക്കുമെന്ന ഭീഷണിയും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായിട്ടേ ഈ നീക്കത്തെ കാണാനാകൂ. രണ്ട് പ്രളയം വലിയ രീതിയില്‍ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കിയ നാടിന് അര്‍ഹമായ ധനസഹായം പോലും നല്‍കാതിരിക്കുകയും അവശ്യസഹായത്തിന് പോലും പണം ചോദിക്കുകയും ചെയ്യുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന നയം അംഗീകരിക്കാന്‍ സാധിക്കില്ല. തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ കത്ത് അവഗണിച്ചുകൊണ്ടാണ് ദുരിതകാലത്ത് നല്‍കിയ അരിയുടെ പണം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.