മലപ്പുറത്ത് ശശി തരൂരെത്തി, പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു
1 min readമലപ്പുറം: മുസ്ലിം ലീഗ് നേതൃത്വത്തെ പാണക്കാട് തറവാട്ടിലെത്തി കണ്ട ശേഷം ശശി തരൂര്‍ എംപി മലപ്പുറം ഡിസിസിയില്‍ എത്തി. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍കുമാര്‍ അടക്കം പ്രമുഖ നേതാക്കളില്‍ പലരും പരിപാടിയില്‍ നിന്നു വിട്ടുനിന്നു. വിട്ടുനില്‍ക്കുന്നതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടാന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡിസിസിയില്‍ ഔദ്യോഗിക പരിപാടികളൊന്നും നിശ്ചയിച്ചിരുന്നില്ലെന്നാണ് വിഎസ് ജോയ് പറഞ്ഞത്. അതേസമയം മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ ഡിസിസിയില്‍ സ്വീകരിച്ചത്.
അതേസമയം മുസ്ലിം ലീഗ് നേതൃത്വം ഇരുകൈയ്യും നീട്ടിയാണ് ശശി തരൂരിനെ സ്വീകരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പാണക്കാടെത്തി. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂര്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാര്‍ സന്ദര്‍ശനം മുന്നണിക്ക് ഗുണകരമോയെന്ന് വിലയിരുത്തേണ്ടത് തങ്ങളല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ലക്ഷ്യമില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞു. അതിന് താല്പര്യവുമില്ലെന്നും എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമം. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാണക്കാട്ടെ തന്റെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മലപ്പുറം ഡിസിസിയിലും എത്തും.10 മണിക്ക് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങും.