ലൈഫ് ഫ്‌ലാറ്റ് നിര്‍മാണം തീരാറായത് 4ഇടത്ത് മാത്രം, ഫ്‌ലാറ്റ് ആകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

1 min read

കോഴിക്കോട് : ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 37 ഇടത്ത് ഫ്‌ലാറ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയത് നാലിടത്ത് മാത്രം. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് പദ്ധതി സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ മുങ്ങിപ്പോയപ്പോള്‍ മറ്റിടങ്ങളില്‍, നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റവും ധനവകുപ്പിന്റെ കടുംപിടുത്തവുമാണ് വില്ലനായത്. ബില്ലുകള്‍ പാസാക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന ലൈഫ് മിഷന്റെ ആവശ്യം നടപ്പായിട്ടുമില്ല.

വിവിധ ജില്ലകളിലായി 36 ഇടങ്ങളിലായിരുന്നു സര്‍ക്കാര്‍ ലൈഫ് മിഷനു കീഴില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ 29 ഇടത്ത് കരാര്‍ വച്ച് നിര്‍മ്മാണം തുടങ്ങി. ഏഴിടത്ത് ഭൂമി സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് കരാര്‍ വയ്ക്കാനായില്ല. വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പ്രീ ഫാബ് ടെക്‌നോളജി അനുസരിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ആറുമാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചത്. ആന്ധ്രപ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുളള കമ്പനികളായിരുന്നു ഭൂരിഭാഗം പ്രവര്‍ത്തിയും ഏറ്റെടുത്തത്. എന്നാല്‍ നിര്‍മാണം തുടങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ നാലിടത്ത് മാത്രമാണ് പ്രവൃത്തി അന്തിമഘട്ടത്തില്‍ എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ , കൊല്ലം ജില്ലയിലെ പുനലൂര്‍, കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരുമാനൂര്‍ എന്നിവിടങ്ങളിലെ ഫ്‌ലാറ്റുകള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും.

മറ്റ് 25 ഇടങ്ങളിലും ഒരു വര്‍ഷത്തോളമായി നിര്‍മ്മാണം സ്തംഭനാവസ്ഥയിലാണ്. രണ്ടു കാരണങ്ങളാണ് പ്രധാനമായും തടസ്സമായത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് കരാറില്‍ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം ഒന്ന്. മറ്റൊന്ന് ബില്ലുകള്‍ മാറുന്നതില്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണം. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബില്ലുകള്‍ പാസാക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ലൈഫ് മിഷന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ധനവകുപ്പില്‍ നിന്ന് അനുകൂല മറുപടി കിട്ടിയിട്ടില്ല.

അതേസമയം, സ്വര്‍ണ്ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ വടക്കാഞ്ചേരിയിലെഫ്‌ലാറ്റ് നിര്‍മാണം പുനരാരംഭിക്കുന്ന കാര്യത്തിലും പ്രതിസന്ധി തുടരുകയാണ്. കരാര്‍ ഒപ്പുവെച്ചത് യുഎഇ കോണ്‍സുലേറ്റും യൂണിറ്റാക്ക് ബില്‍ഡേഴ്‌സും തമ്മില്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ കാര്യമായ റോള്‍ എടുക്കാനില്ലെന്നാണ് ലൈഫ് മിഷന്‍ വാദം. ചുരുക്കത്തില്‍, മെച്ചപ്പെട്ട സൗകര്യത്തില്‍ അന്തിയുറങ്ങാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളുടെ കാത്തിരിപ്പാണ് അന്തമായി നീളുന്നത്

Related posts:

Leave a Reply

Your email address will not be published.