ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂരപീഡനം,
കൈ കടിച്ചുമുറിച്ചു, ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു;
പോലീസില്‍ പരാതി നല്‍കി യുവതി
1 min read
ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് നിരന്തരം മര്‍ദിക്കുകയും കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും ഭര്‍തൃമാതാവ് കൈ കടിച്ചു മുറിച്ചെന്നും പരാതിക്കാരി ആരോപിച്ചു. പോലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.
‘2013 ഏപ്രില്‍ 5നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി.
പ്രസവത്തിന് ശേഷവും യുവതിയെ ഭര്‍ത്താവും വീട്ടുകാരും പീഡനം തുടര്‍ന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും പിതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് തന്നെ പുറത്താക്കുകയും ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു. ഷാള്‍ വലിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍തൃമാതാവ് കൈകള്‍ കടിച്ചു മുറിച്ചു. പെണ്‍കുട്ടിയെ ഇനിയും ഭര്‍ത്താവിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ ജീവന്‍ നഷ്ടമാകുമെന്നറിഞ്ഞ് തിരികെ കൊണ്ടു വരികയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ പലരും ഇടപെട്ട് ഒത്തുതീര്‍പ്പായതിനാല്‍ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോയി.പ്രസവശേഷം വീണ്ടും പീഡനം തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ ചെന്ന് സംസാരിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല’, യുവതിയുടെ പിതാവ് പറഞ്ഞു.
‘വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ അഞ്ചുമാസമായി വിവാഹമോചനം വേണമെന്ന് പറഞ്ഞായിരുന്നു ഭര്‍തൃവീട്ടുകാരുടെ പീഡനം. കുട്ടികള്‍ എന്റെ ഭര്‍ത്താവിന്റേതല്ല എന്നുപോലും പ്രചരിപ്പിക്കാന്‍ തുടങ്ങി. പലതവണ പോലീസില്‍ പരാതി നല്‍കി. വിവാഹമോചനത്തിനായി നിരന്തരമായി വക്കീലന്മാരെക്കൊണ്ട് വിളിപ്പിക്കുമായിരുന്നു. കുട്ടികളേയും ഭാവിയേയും ഓര്‍ത്ത് അതൊക്കെ എതിര്‍ത്തു. ഒരു ദിവസം ബാത്‌റൂമില്‍ കയറിയപ്പോഴാണ് ഭര്‍ത്താവ് കുട്ടികളുമായി മുറിയടച്ചത്. ഫോണ്‍ തല്ലിപ്പൊട്ടിച്ചതുകൊണ്ട് ആരേയും വിളിക്കാന്‍ പറ്റാതായി. വെളിയിലിരുന്ന് നേരം വെളുപ്പിച്ച ശേഷം പിറ്റേദിവസം സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് പോലീസിനെ അറിയിക്കുന്നത്. എപ്പോള്‍ പരാതിയുമായി ചെന്നാലും ഒത്തുതീര്‍പ്പെന്ന തരത്തിലാണ് പോലീസ് സംസാരിക്കാറുള്ളതെന്നും യുവതി പറഞ്ഞു.