എല്ലാവരും കൈവിട്ടു, ഇന്ത്യാ മുന്നണി 2019ലെ യു.പി.എ ആയി

1 min read

ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അസ്തമിക്കുമോ?

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ആകെ കുഴപ്പത്തിലാണ്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിയുടെ ഏറ്റവും പ്രമുഖയായ നേതാവാണ് മമതാ ബാനര്‍ജി. ഇപ്പോള്‍ സഖ്യം വിട്ട ബിഹാര്‍ മുഖ്യമന്ത്രിയും സഖ്യത്തിന്റെ പ്രധാന സംഘാടകനുമായ നിതിഷ് കുമാറിനെ സഖ്യത്തിന്റെ കണ്‍വീനറാക്കണം എന്ന നിര്‍ദ്ദേശം വന്നപ്പോള്‍ മമത പറഞ്ഞതുകൊണ്ട് മാത്രമാണ് അത് നടക്കാതിരുന്നത്. അത്രയ്ക്കും കരുത്തയാണ് പ്രതിപക്ഷ നേതൃത്വ നിരയില്‍ മമത.

എന്നാല്‍ പശ്ചിമ ബംഗാളില്‍ താന്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത പറഞ്ഞു കഴിഞ്ഞു. ഒരു പരിധി കൂടി കടന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാളില്‍ മുസ്ലിം പ്രീണനം നടത്തുകയാണൈന്നും മമത ആരോപിച്ചു കഴിഞ്ഞു. നേരത്തെ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്നും ബംഗാളിലെ 40സീറ്റിലും ടി.എം.സി മത്സരിക്കുമെന്നുമാണ് മമത പറഞ്ഞത്. മമതയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പിറകെ നടക്കുന്നുണ്ടെങ്കിലു മമത വഴങ്ങിയിട്ടില്ല. അതേസമയം കോണ്‍ഗ്രസ് സി.പി.എം സഖ്യം തന്റെ മുസ്ലിം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ഭയവും മമതയക്കില്ലാതില്ല. അതുകൊണ്ടാണ് ഹിന്ദുവോട്ടിനെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസില്‍ മുസ്ലിം പ്രീണനം മമത ആരോപിക്കുന്നതും.

ഇന്ത്യ സഖ്യം എന്നത് ബി.ജെ.പിക്കെതിരായ വിശാല സഖ്യമായാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത്. അത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമായിരുന്നില്ല. തങ്ങളുടെ സംസ്ഥാനത്ത് അജയ്യരായിരുന്ന പ്രാദേശിക പ്രതിപക്ഷ രാഷ്ടീയ കക്ഷികളുടെ കൂടി ആവശ്യമായിരുന്നു അത്. അവരുടെ എല്ലാവരുടെയും കണ്ണ് പ്രധാനമന്ത്രി പദത്തിലായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് മുഖ്യപാര്‍ട്ടി ആകുന്നതും മേല്‍കോയ്മ നടപ്പിലാക്കുന്നതും അവര്‍ അനുവദിക്കില്ല. കേജരിവാള്‍, മമത, നിതീഷ് എല്ലാവരും തയ്യാറായിരുന്നു. മോദി വിരോധമാണ് പ്രധാന അജന്‍ഡയെങ്കിലും മോദിക്ക് പകരം ആര് എന്നതിന് അവര്‍ക്കുത്തരവുമില്ല.

ബംഗാളില്‍ മമതയും പഞ്ചാബിലും ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടിയും ബിഹാറില്‍ ആര്‍.ജെ.ഡിയും തമിഴനാട്ടില്‍ ഡി.എം.കെയും മഹാരാഷ്ട്രയില്‍ ശിവസേനയും പവാറും കേരളത്തില്‍ ഇടതു മുന്നണിയും ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മും തങ്ങളുടെ ആധിപത്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല.

ഇതു തന്നെയായിരുന്നു ഇന്ത്യാ മുന്നണിയുടെ ആന്തരിക വൈരുദ്ധ്യവും. ബി.ജെ.പി വിരോധമായിരുന്നു അവരുടെ ഏക അജന്‍ഡ. ആശയപരമായ സമാനത ആര്‍ക്കുമില്ലായിരുന്നു. കമ്യൂണിസ്റ്റുകള്‍, മുന്‍ സോഷ്യലിസ്റ്റുകള്‍, മുതലാളിത്ത വാദികള്‍, ഹിന്ദുത്വവാദികള്‍, മുസ്ലിം ലീഗ് എല്ലാവരും വിശാലമായ കുടക്കീഴില്‍ അണിനിരന്നു. കേരളത്തില്‍ ബദ്ധവൈരികളാണ് കോണ്‍ഗ്രസും സി.പി.എമ്മും. കേരളത്തില്‍ തമ്മിലടിക്കുന്ന ഇവര്‍ ഇന്ത്യാ മുന്നണി യോഗത്തില്‍ തോളില്‍ കയ്യിട്ടാലും തിരിച്ച് കേരളത്തിലെത്തുമ്പോള്‍ പരസ്പരം ഏറ്റമുട്ടും. അതേസമയം പല പ്രമുഖ പ്രാദേശിക പാര്‍ട്ടികളും ഇന്ത്യാ മുന്നണിയെ അടുപ്പിച്ചില്ല. കര്‍ണാടകയിലെ ജെ.ഡി.എസ്, ഒഡിഷയിലെ ബി.ജെ.ഡി, ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഡി, തെലങ്കാനയിലെ ചന്ദ്രശേഖറ റാവു എന്നിവരായിരുന്നു ഇതില്‍ പ്രമുഖര്‍. ദേവഗൗഡയുടെ ജെ.ഡി.എസിന് ബി.ജെ.പിയോട് ചേരാന്‍ മടിയുണ്ടായിരുന്നില്ല. ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബി.ജെ.ഡിയും പാര്‍ലമെന്റില്‍ ബി.ജെ.പിയുമായി സഹകരിച്ചു.

കര്‍ണാടക തിരഞ്ഞെടുപ്പിലെ വിജയമാണ് 2019ലെ തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസിന് അല്‍പം ആശ്വസിക്കാന്‍ വക നല്‍കിയത്. ഇത് സൂചനയായി കണ്ടാണ് പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നത്. ആദ്യമൊക്കെ മടിച്ചു നിന്ന എ.എ.പിയും കോണ്‍ഗ്രസിന്റെ കൂടാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെയാണ് എ.എ.പി രൂപീകരിച്ചതു തന്നെ. പക്ഷേ അഴിമതിയില്‍ തങ്ങളും മുങ്ങിക്കുളിച്ചപ്പോള്‍ അവരും പ്ലെയിറ്റ് മാറ്റി.

പക്ഷേ മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. ഒന്നുമല്ലാതായ കോണ്‍ഗ്രസിന്റെ കുടെ തങ്ങള്‍ എന്തിന് കൂടണം എന്ന ചിന്തയും അവര്‍ക്ക് വന്നു. പല സ്ഥലത്തും കോണ്‍ഗ്രസും അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. അഖിലേഷ് യാദവിനെ അവര്‍ മദ്ധ്യപ്രദേശില്‍ പിണക്കി. അതോടെ യു.പിയില്‍ 11 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നല്‍കു എന്ന നിലയിലായി എസ്.പി. അവര്‍ കുറെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ബിഹാറിലാണ് ബി.ജെ.പി നാടകീയമായ മുന്നേറ്റം നടത്തിയത്. അത് ബിഹാറിലേക്ക് വേണ്ടിയായിരുന്നില്ല്. ഇന്ത്യാ സഖ്യത്തിന്റെ ആത്മവീര്യം തകര്‍ക്കലായിരുന്നു അവരുടെ ലക്ഷ്യം. നിതീഷിനെ സ്വന്തം പാളയത്തിലേക്ക് കൊണ്ടുവന്ന അവര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്പ്പിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയാക്കി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ബിഹാറില്‍ നേടാവുന്ന സീറ്റുകളില്‍ കുറച്ച് കുറവ് നിതീഷിനെ കൂട്ടിയാല്‍ ഉണ്ടാവും. എന്നാലും ഇന്ത്യാ മുന്നണിയെ പൊളിക്കാന്‍ അവര്‍ക്കതാവശ്യമായിരുന്നു.

മഹാരാഷ്ടയിലായിരുന്നു ബിഹാറില പോലെ മഹാസഖ്യം ഉണ്ടായിരുന്നത്. ശരത് പവാറിന്റെ മരുമകന്‍ അജിത് പവാറിനെ കൊണ്ടുവന്ന് അവരത് അവിടെയും കാണിച്ചു. നേരത്തെ ശിവസേനയെ പിളര്‍ത്തി ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കി ഉദ്ദവിനെ പെരുവഴിയിലാക്കിയിരുന്നു ബി.ജെ.പി. അവരെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തിലെ പ്രധാന എതിരാളിയായ കോണ്‍ഗ്രസിനെ ഇല്ലാതാക്കലാണ് പ്രധാനം. ഇപ്പോഴത്തെ സ്ഥിതി പോരെങ്കില്‍ മഹാരാഷ്ട്രയില്‍ വേണമെങ്കില്‍ പവാറിനെയും ഉദ്ദവിനെയുമൊക്കെ ബി.ജെ.പി സ്വന്തം പാളയത്തില്‍ കൊണ്ടുവരും.

അതോടെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകും. മമത പറഞ്ഞതുപോലെ 40സീറ്റ് കിട്ടുമോ എന്ന് കോണ്‍ഗ്രസിന് ആലോചിക്കേണ്ടിവരും. അതായത് 2019ലെ യു.പി.എ മുന്നണി എന്ന നിലയിലേക്ക് കൊട്ടിഘോഷിച്ച ഇന്ത്യാ മുന്നണി എത്താന്‍ പോകുകയാണ്.

Leave a Reply

Your email address will not be published.