രാഹുല്‍ അമേത്തിയില്‍ മത്സരിക്കുമോ

1 min read

പ്രിയങ്ക റായബറേലിയില്‍ ? സോണിയ രാജ്യസഭയിലേക്കോ

രാഹുല്‍ ഗാന്ധി ഇനി അമേത്തിയില്‍ മത്സരിക്കുമോ . ഈ  ചോദ്യം ദേശീയ രാഷ്ട്രീയ രംഗത്ത് ഉയരുകയാണ്. അതോ കേരളത്തിലെ വയനാട് അദ്ദേഹം നിലനിര്‍ത്തുമോ. കേരളം താരതമ്യേന എളുപ്പമാണ്. നിലവില്‍ നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട് രാഹുലിന് വയനാട്ടില്‍.  അത് യു.ഡി.എഫ് മണ്ഡലമായിരുന്നെങ്കിലും അതിന് തൊട്ടു മുമ്പ് രണ്ട് തവണ ജയിച്ച എം.ഐ.ഷാനവാസിന്  ഇത്ര ഭൂരിപക്ഷ മുണ്ടായിരുന്നില്ല.

രാഹുലിന് അയോഗ്യത പ്രഖ്യാപിച്ച കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ്  അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. ഇതോടൊപ്പം സഹോദരി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ റായബറേലിയില്‍ സോണിയാ ഗാന്ധിയായിരുന്നു  ജയിച്ചത്.  ഇത്തവണ സോണിയ രാജ്യസഭയിലേക്ക് പോകാനാണ് സാദ്ധ്യത എന്നാണ്് പറയുന്നത്.

കോണ്‍ഗ്രസ് ദീര്‍ഘനാളായി കൈവശം വച്ചിരുന്ന സീറ്റാണ് അമേത്തി. 1977ല്‍ പക്ഷേ സഞജയ് ഗാന്ധി അവിടെ നിന്ന് തോറ്റിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെ നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ജനതാ തരംഗത്തില്‍ സഞ്ജയ് തോറ്റെങ്കിലും 1980ല്‍ സഞ്ജയ് അമേത്തിയില്‍ നിന്ന് ജയിച്ചു. പിന്നീട് മൂന്നുതവണ രാജീവ് ഗാന്ധി ജയിച്ചത് അമേത്തിയില്‍ നിന്നാണ്. ഒരു തവണ സോണിയയും ജയിച്ചു.
2004ലും 2009ലും 2014ലും രാഹുല്‍ഗാന്ധിയാണ്  അമേത്തിയില്‍ നിന്ന ്ജയിച്ചത്. 2014ല്‍ ബി.ജെ.പി യുടെ സ്മൃതി ഇറാനിയായിരുന്നു രാഹുലിന്റെ എതിരാളി. രാഹുല്‍ ജയിച്ചെങ്കിലും സ്മൃതി കളം വിടാതെ നിന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 55,000 വോട്ടിന് രാഹുലിനെ മലര്‍ത്തിയിടിച്ച് സ്മൃതി ഇറാനി ജയിച്ചു. പരാജയ സൂചന കിട്ടിയ രാഹുല്‍ സുരക്ഷിതമായ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ കൂടി മത്സരിച്ചിരുന്നു. അമേത്തിയില്‍ തോറ്റെങ്കിലും വയനാട്ടില്‍ നിന്ന ്ജയിക്കുകയും ചെയ്തു. 49 ശതമാനം വോട്ടാണ് സ്മൃതി അമേത്തിയില്‍ പിടിച്ചത്. രാഹുല്‍ 43 ശതമാനം വോട്ടും നേടി.

സോണിയ ജയിച്ച റായ്ബറേലിയും കോണ്‍ഗ്രസിന്‌റെ പരമ്പരാഗത മണ്‍ഡലമാണ്. ഇന്ദിരാഗാന്ധിയുടെ മണ്ഡലം. 1971 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര അന്നതെ ബി.എല്‍.ഡിയുടെ രാജ് നാരായണെയാണ് തോല്പിച്ചത്. ഇവിടത്തെ തിരഞ്ഞെടുപ്പ് കേസിനെ തുടര്ന്നാണ് 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും 1977ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര തോല്‍ക്കുന്നതും. പിന്നീട് കര്ണാടകത്തിലെ ചിക്മംഗലൂരില്‍ നിന്ന് ഇന്ദിര ലോകസഭയിലെത്തി.

അമേത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ റായ്ബറേലി കൂടി പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.  
രാഹുലിന് അനുകൂലമായ കോടതി വിധി വന്നതോടെ  അമേത്തിയിലെ കോണ്‍ഗ്രസുകാര്‍ 51 കിലോ ലഡു ആണ് വിതരണം  ചെയ്തത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും അവരതാഘോഷിച്ചു. അമേത്തിയിലെ മുന്‍ നിയമസഭാംഗം ദീപക് സിംഗ് പറയുന്നത് തങ്ങള്‍ രാഹുല്‍ അമേത്തിയില്‍ നിന്ന് മത്സരിക്കണമെന്നാവശ്യപ്പെടുമെന്നാണ്.

അതേ സമയം ബി.ജെ.പിക്ക് മറ്റൊന്നാണ് പറയാനുള്ളത്. അമേത്തിയിലെ ജനവികാരം തങ്ങള്‍ക്കനുകൂലമാണെന്ന് ബി.ജെ.പി പറയുന്നു. ബി.ജെ.പി ജയിച്ചതോടെയാണ് അമേത്തിയില്‍ വികസനം വന്നതെന്ന ജനങ്ങള്‍ക്കറിയാം.  യു.പി മന്ത്രിസഭയില്‍ അമേത്തിയുടെ ചുമതലക്കാരനായ ഗിരീഷ് യാദവ് പറയുന്നത്  സ്മൃതി ഇറാനി ചെയ്ത കാര്യങ്ങള്‍ അമേത്തിയെ മാറ്റി മറിച്ചു എന്നാണ്. എല്ലാ മാസവും ഒരു ദിവസം ഗിരീഷ് യാദവ് അമേത്തിയിലെത്തുന്നുണ്ട്. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലായി 50 ദിവസമാണ് സ്മൃതി ഇറാനി ഇവിടെ ചെലവഴിച്ചത്. രാജ്യത്തെ 508 റെയില്‍ വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതില്‍ 55 എണ്ണം യു.പിയിലാണ്. അതില്‍ അമേത്തിയും റായ്ബറേലിയും പെടും. ഇതുമായി ബന്ധപ്പെട്ട പരിപാടിക്കും സ്മൃതി അമേത്തിയിലുണ്ടായിരുന്നു. ഏതായാലും  അമേത്തിയും റായ്ബറേലിയും ഇത്തവണയും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലങ്ങളാകും. 

Related posts:

Leave a Reply

Your email address will not be published.