മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
1 min readതൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കൂടുതല്‍ ജലം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.40 അടി ആയി ഉയര്‍ന്നിരുന്നു. തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ തുടങ്ങിയതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നത്. ബുധനാഴ്ച വൈകിട്ടാണ് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. സെക്കന്റില്‍ 511 ഘനയടിയില്‍ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോള്‍ തന്നെ കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മഴ കുറഞ്ഞതോടെ വൃഷ്ടിപ്രദേശത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ജലനിരപ്പ് ഉയരില്ലെന്നാണ് പ്രതീക്ഷ. 142 അടിയാണ് ഡാമിന്റെ അനുവദനീയ സംഭരണ ശേഷി. കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതിനാല്‍ സ്പില്‍വേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് തമിഴ്‌നാടിന്റെ കണക്കുകൂട്ടല്‍. ഡിസംബര്‍ മൂന്നിനാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 140 അടി ആയത്