ഗുജറാത്തില്‍ ബിജെപിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയന്‍, വിഎം സുധീരന്‍

1 min read

തിരുവനന്തപുരം: ഗുജറാത്തിലെ ബി ജെ പിയുടെ വമ്പന്‍ ജയത്തില്‍ എ എ പിയെയും ദില്ലി മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. ഗുജറാത്തില്‍ ബി ജെ പിയുടെ വന്‍വിജയത്തിന് കളമൊരുക്കിയ വിനീതവിധേയനെന്നാണ് കെജ്രിവാളിനെ സുധീരന്‍ വിശേഷിപ്പിച്ചത്. കെജ്രിവാളിന്റെ തലയില്‍ മോദി കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും ഇതിനൊപ്പം മുന്‍ കെ പി സി സി അധ്യക്ഷന്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഗുജറാത്തില്‍ ബി ജെ പി ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. ഗുജറാത്തിനെ താമരപ്പാടമാക്കിയെന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന വിജയമാണ് ബി ജെ പിയുടേത്. മൂന്ന് മണിയോടെയുള്ള ഫലം അനുസരിച്ച് ആകെയുള്ള 182 സീറ്റില്‍ 157 സീറ്റിലും ബി ജെ പി ഇപ്പോള്‍ വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നിലംപരിശായി. കോണ്‍ഗ്രസിന് വെറും 18 സീറ്റിലാണ് ജയിക്കുകയോ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. സംസ്ഥാനത്ത് കന്നി പോരിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ചു എന്നതാണ് ഇത്തവണത്തെ സവിശേഷത. എ എ പി അഞ്ച് സീറ്റുകളിലാണ് ജയിക്കുകയോ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. സമാജ് വാദി പാര്‍ടി ഒരിടത്തും, സ്വതന്ത്രര്‍ രണ്ട് ഇടത്തും മുന്നിലുണ്ട്.

അതേസമയം ഉജ്ജ്വല വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാകും സത്യപ്രതിജ്ഞ നടക്കുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായാണ് ബി ജെ പി അധികാരം നിലനിര്‍ത്തിയത്. ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനം വോട്ടും നേടിയാണ് ബി ജെ പി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.