വൈറ്റമിന്‍ ഡി ; അറിയേണ്ടതെല്ലാം

1 min read

Malayali News Desk

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശമേള്‍ക്കുമ്പോള്‍ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന വൈറ്റമിന്‍ ഡി ചില ഭക്ഷണവിഭവങ്ങളില്‍ നിന്നു ലഭിക്കാറുണ്ട്. ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലാതിരിക്കുന്നത് ക്ഷീണം, സന്ധിവേദന, പേശിക്ക് ദുര്‍ബലത, മൂഡ് മാറ്റം, തലവേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. എന്നാല്‍ ഇതിനെല്ലാം പുറമേ നാഡീവ്യൂഹപരമായ പ്രശ്‌നങ്ങള്‍ക്കും വൈറ്റമിന്‍ ഡി അപര്യാപ്തത കാരണമാകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമായും തലച്ചോറിന്റെ ആരോഗ്യവും ധാരണാശേഷിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവം മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ്, അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളിലേക്കും നയിക്കാം. വൈറ്റമിന്‍ ഡി അഭാവം വിഷാദരോഗത്തിലേക്കും നയിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകളില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകളുടെ ഉപയോഗം അവരുടെ മൂഡ് മെച്ചപ്പെടുത്തിയതായി ജേണല്‍ ഓഫ് ഡയബറ്റിക്‌സ് റിസര്‍ച്ചില്‍ 2017ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.

അള്‍സറേറ്റീവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് എന്നിവ പോലെ വയറും കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരില്‍ വൈറ്റമിന്‍ ഡി അഭാവമുണ്ടാകാന്‍ സാധ്യതയേറെയാണ്. അമിതവണ്ണമുള്ളവര്‍, ചെറുകുടലിന്റെ മുകള്‍ ഭാഗം നീക്കം ചെയ്യുന്ന ഗാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയരായവര്‍, ലാക്ടോസ് അലര്‍ജിയുള്ളവര്‍, സസ്യാഹാരികള്‍ എന്നിവരിലും വൈറ്റമിന്‍ ഡി അഭാവത്തിന് സാധ്യത കൂടുതലാണ്. സിസ്റ്റിക് ഫൈബ്രോസിസ്, സീലിയാക് പോലുള്ള രോഗങ്ങളുള്ളവരിലും കുടലുകള്‍ക്ക് വൈറ്റമിന്‍ ഡി ആഗീരണം ചെയ്യാനുള്ള ശേഷിക്കുറവ് കാണപ്പെടാറുണ്ട്. വൃക്കരോഗവും കരള്‍ രോഗവും ശരീരത്തിന്റെ വൈറ്റമിന്‍ ഡി സംസ്‌കരിക്കാനുള്ള ശേഷിയെ ബാധിക്കും. കരളിലെ ഹെപ്പാറ്റിക് എന്‍സൈം 25ഹൈഡ്രോലേസ് എന്‍സൈമും വൃക്കയിലെ 1ആല്‍ഫ ഹൈഡ്രോലേസ് എന്‍സൈമും കുറവുള്ളവര്‍ക്കും ശരീരത്തില്‍ വൈറ്റമിന്‍ ഡി അഭാവം കാണപ്പെടാം.
അതേ സമയം അമിതമായി വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കുന്നതും ശരീരത്തിന് ഹാനികരമാണ്. ഇത് ശരീരത്തില്‍ കാല്‍സ്യം കെട്ടിക്കിടന്ന് ഛര്‍ദ്ദി, മനംമറിച്ചില്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, വൃക്കയ്ക്ക് തകരാര്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. പ്രതിദിനം 10 മുതല്‍ 20 മൈക്രോഗ്രാം വരെ വൈറ്റമിന്‍ ഡി ആണ് മുതിര്‍ന്നൊരാള്‍ക്ക് ആവശ്യമായ അളവ്. എന്നാല്‍ എല്ലുകളും പല്ലുകളുമൊക്കെ വളരുന്ന അവസ്ഥയിലുള്ള കുട്ടികള്‍, എല്ലുകളുടെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയ മുതിര്‍ന്നവര്‍ എന്നിവര്‍ക്കെല്ലാം കൂടുതല്‍ വൈറ്റമിന്‍ ഡി പ്രതിദിനം ആവശ്യമായി വരാം. ഓരോ പ്രായത്തില്‍പ്പെട്ടവര്‍ക്കുമുള്ള കൃത്യമായ വൈറ്റമിന്‍ ഡി ഡോസ് അറിയാന്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ടതാണ്.

Related posts:

Leave a Reply

Your email address will not be published.