ടൈഫോയ്ഡ് വാക്സിന്‍: വില കുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടി – ആരോഗ്യമന്ത്രി
1 min read
തിരുവനന്തപുരം : ടൈഫോയ്ഡ് വാക്സിന്റെ വില കുറഞ്ഞ മരുന്നുകള്‍ ഉണ്ടായിട്ടും അതു പൂഴ്ത്തിവെച്ച് വില കൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
ഭക്ഷ്യ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകള്‍ തട്ടിപ്പ് നടത്തുന്നതായി പരാതി ഉയര്‍ന്നത്. 200 രൂപയില്‍ താഴെ വിലയുള്ള വാക്സിന്‍ ലഭ്യമാണെങ്കിലും 2000 രൂപ വില വരുന്ന വാക്സിനാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും വലിയ തുകയാണ് ഈടാക്കുന്നത്. അതോടെ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ബാധ്യതയായി മാറുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുകയാണ് ഇതിനുള്ള പരിഹാരം എന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. വലിയ വിലയുള്ള മരുന്ന് വില്‍ക്കുമ്പോള്‍ കൂടുതല്‍ കമ്മീഷന്‍ ലഭിക്കും എന്നതാണ് മരുന്നുകടകളുടെ താല്‍പര്യത്തിനു പിന്നിലുള്ളത്.