രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

1 min read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ പങ്കെടുക്കും. വെര്‍ച്വല്‍ മീറ്റില്‍ എംപവേര്‍ഡ് ഗ്രൂപ്പും എന്‍ടിജിഎഐ (ഇമ്മ്യൂണൈസേഷന്‍ ഓണ്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ്) ഉദ്യോഗസ്ഥരും പങ്കെടുക്കും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും എന്ന് സൂചനയുണ്ട്.

ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പോസിറ്റീവ് സാമ്പിളുകളുടെ മുഴുവന്‍ ജീനോം സീക്വന്‍സിങ് വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗികള്‍, ആരോഗ്യ വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ആശുപത്രി പരിസരത്ത് മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് ജാഗ്രതകള്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.