വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍

1 min read

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് വായ്പ്പുണ്ണ് .ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അനുഭവപ്പെടും. പല കാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തില്‍ വായുടെ ഉള്‍ഭാഗം കടിക്കുന്നതാണ് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇതിന് പുറമെ പല്ലുകള്‍ കമ്പിയിടുന്നതും വിറ്റാമിനുകളുടെ കുറവും മാനസിക സമ്മര്‍ദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളാണ്.

വായ്പ്പുണ്ണ് മാറാന്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് മലപ്പുറം വാണിയമ്പലത്തെ മെഡിക്കെയര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ സെന്ററിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.മുഹമ്മദ് അസ്ലം പറയുന്നു. വൈറ്റമിന്‍ ബി12, സിങ്ക്, പോലുള്ള ധാതുക്കള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് പ്രധാനം. തവിട് അടങ്ങിയ ഭക്ഷണങ്ങള്‍, എള്ള് വൈറ്റമിന്‍ ബി 12 ലഭിക്കുന്നതിന് സഹായകമാണ്. വായ വൃത്തിയായി എപ്പോഴും സൂക്ഷിക്കുക. ചില ടൂത്ത് പേസ്റ്റുകള്‍ വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.

മറ്റൊരു കാര്യം വായ്പ്പുണ്ണ് പതിവായി വരുന്നവര്‍ ഇടയ്ക്കിടെ ഉപ്പ് വെള്ളം കൊള്ളുന്നത് ഇന്‍ഫെക്ഷന്‍ അകറ്റാനെല്ലാം സഹായിക്കും. ഭക്ഷണത്തില്‍ തൈര് പരമാവധി ഉള്‍പ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തൈര്. ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍, ഇന്‍ഫെക്ഷനൊക്കെ കുറയ്ക്കാന്‍ തൈര് സഹായകമാണ്. വായ്പ്പുണ്ണ് വരുമ്പോള്‍ മുറിവില്‍ തേന്‍, വെളിച്ചെണ്ണ എന്നിവ പുരട്ടുന്നത് ആശ്വാസം നല്‍കുമെന്ന് ഡോ.മുഹമ്മദ് അസ്ലം പറയുന്നു.

മറ്റൊന്ന് വൈറ്റമിനുകള്‍ അടങ്ങിയ പഴങ്ങള്‍ ധാരാളമായി കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആപ്പിള്‍, സ്‌ട്രോബെറി, ബ്ലൂബെറി പോലുള്ളവ കഴിക്കുക. മറ്റൊന്ന് തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ തുളസിയില ചവയ്ക്കുക ചെയ്യുന്നത് വായ്പ്പുണ്ണ് വരുന്നത് തടയാന്‍ സഹായിക്കും. പുകവലിക്കുന്നവര്‍ക്ക് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വായയില്‍ കട്ടിയുള്ള തടിപ്പോ അല്ലെങ്കില്‍ മുറിവോ ഉണങ്ങാതെ ഇരിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.

Related posts:

Leave a Reply

Your email address will not be published.