ജാതി മരങ്ങള്‍ പൊന്‍മുട്ട ഇടുന്ന താറാവുകളോ?

1 min read

Malayali News Desk

എങ്ങനുള്ള മരങ്ങളാണ് നടാന്‍ തിരഞ്ഞെടുക്കുക?
90 100 കായ്കള്‍ക്ക് 1 കിലോ തൂക്കം കിട്ടുന്നതും 400 450 പത്രിക്ക് എങ്കിലും 1 കിലോ ഉണക്ക പത്രി കിട്ടുന്ന ഇനങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. ഒരിക്കലും മഴക്കാലത്ത് (തുടര്‍ച്ചയായി മഴ പെയ്തു കൊണ്ടിരിക്കുന്ന കാലത്ത്) മരങ്ങളിലെ കായുടെയും പത്രിയുടെയും വലുപ്പം കണ്ട് ഇതാണ് ഏറ്റവും നല്ല ഇനം എന്നു വിലയിരുത്താന്‍ പറ്റില്ല. വെള്ളം കുടിച്ച് വീര്‍ത്തിരിക്കുന്ന കായ്കളും പത്രിയുമാണവ, ഉണങ്ങുമ്പോള്‍ കായ്കള്‍ ചെറുതാകും, പത്രിക്ക് തൂക്കവും ഉണ്ടാകില്ല. 10 ദിവസമെങ്കിലും മഴ മാറിനില്‍ക്കുന്ന സമയത്തു വേണം മാതൃചെടി തിരഞ്ഞെടുക്കാന്‍. പച്ച കായ്കള്‍ ഉണങ്ങിയാല്‍ 7375 ശതമാനം ഉണക്കും, പത്രി ഉണങ്ങുമ്പോള്‍ 4246 ശതമാനം ഉണക്കും കിട്ടണം.
മാര്‍ക്കറ്റില്‍ കായ്കള്‍ ഗ്രേഡ് തിരിക്കാറുണ്ട്. 80 കായില്‍ താഴെ ഒന്നാം തരം. 80 100 രണ്ടാം തരം. 100120 മൂന്നാം തരം. 120ന് മുകളില്‍ നാലാംതരം. ചെറിയ കായ്കള്‍ ഉണ്ടാകുന്ന മരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കായ്കള്‍ ഉണ്ടാകുക. മരം നിറയെ കായ്ച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ജാതി ഒരിക്കലും നടില്ല എന്നു പറഞ്ഞവന്‍ വരെ ജാതിമരങ്ങള്‍ നട്ടു പോകും. ഒന്നാം തരം മരങ്ങളില്‍ ( 80 കായില്‍ താഴെ 1 കിലോ) കായ്കള്‍ കുറവായിരിക്കും. കായ്കള്‍ കാണാന്‍ നല്ല തുടിപ്പും, തൂക്കവും ഉണ്ടാകും, വിളവെടുപ്പ് കാര്യങ്ങള്‍ എളുപ്പവുമാണ്. പക്ഷേ ആ മരങ്ങള്‍ ഒന്നും നടാന്‍ കൊള്ളില്ല. ശശാശരി ഉല്‍പാദനം അങ്ങനുള്ള മരത്തില്‍ ഉണ്ടാകില്ല എന്നതാണ് സത്യം.

വളപ്രയോഗം

ജൈവവളങ്ങള്‍ ധാരാളം ചെടിക്കു നല്‍കണം. കൂട്ടത്തില്‍ കായ്ക്കുന്ന മരങ്ങള്‍ക്ക് 2 മാസം കൂടുമ്പോള്‍ നിര്‍ബന്ധമായും രാസവളങ്ങള്‍ നല്‍കേണ്ടതാണ്. ജൈവവളമായും, രാസവളത്തിലൂടെയും നൈട്രജന്‍ വളങ്ങള്‍ മാത്രമായി കൂടുതലായി ചെടിക്കു ലഭിക്കുമ്പോള്‍ ചെടി നല്ല കൊഴുപ്പില്‍ നില്‍ക്കുമെങ്കിലും പൂക്കള്‍ ഉണ്ടാകാനുള്ള സാധ്യത കുറയും. നൈട്രജന്‍ വളങ്ങള്‍ മാത്രം കൊടുത്ത് വളര്‍ത്തുന്ന ചെടിയിലെ കായ്കള്‍ക്ക് അസാമാന്യ വലുപ്പം ഉണ്ടാകുമെങ്കിലും തൂക്കം ഉണ്ടാകില്ല. ഫോസ്ഫറസ് വളങ്ങള്‍ ആവശ്യത്തിന് ഉണ്ടെങ്കില്‍ മാത്രമേ ചെടിയുടെ വേരോട്ടം ശരിയാകൂ. നല്ല രീതിയില്‍ ചെടി പുഷ്പിക്കാന്‍ ഫോസ്ഫറസ് ആവശ്യമാണ്. പൊട്ടാസ്യം ആവശ്യത്തിന് ലഭ്യമായങ്കില്‍ മാത്രമേ നന്നായി കായ് പിടുത്തം ഉണ്ടാകൂ. ചെടിക്ക് പ്രതിരോധശേഷിയും, കായില്‍ കാമ്പിന് ഉറപ്പും തൂക്കവും ഉണ്ടാകണമെങ്കില്‍ പൊട്ടാസ്യം ആവശ്യമാണ്. ചെടിക്ക് ആവശ്യത്തിനു പൊട്ടാസ്യം ചെന്നില്ലങ്കില്‍ കായ് പൊഴിച്ചില്‍ ഉണ്ടാകും.

ജാതിക്ക് ചാണകം, കോഴിവളം, ആട്ടിന്‍ കാഷ്ഠം പോലുള്ള ജൈവവളങ്ങള്‍ ആവശ്യത്തിന് നല്‍കി, മണ്ണ് ലാബില്‍ പരിശോധന നടത്തി ആവശ്യമുള്ള NPK, മറ്റു പോഷകങ്ങള്‍ എന്നിവയും, നല്ല രീതിയില്‍ ജലസേചനവും നല്‍കിയാല്‍ ജാതിമരങ്ങള്‍ കുലകുത്തി കായ്ക്കും. നല്ല തൂക്കമുള്ള കായ്കളും പത്രിയും ലഭിക്കും.

20 വര്‍ഷത്തിലധികം പ്രായമുള്ള നാല്‍പത്തഞ്ചോളം ജാതിമരങ്ങള്‍ ചുവടെ പറിച്ചെടുത്ത് നോക്കിയ അനുഭവത്തിലൂടെ തന്നെ പറയുകയാണ് 6 മാസത്തില്‍ കൂടുതല്‍ പോളീത്തില്‍ കവറില്‍ വളര്‍ത്തിയ നാടന്‍/കാടന്‍ ജാതി തൈകള്‍ തോട്ടത്തില്‍ നടാന്‍ കൊള്ളില്ല. കൂടയുടെ അടിയില്‍ തായ് വേര് ചുരുണ്ടു കൂടും. അതിനാല്‍ തോട്ടത്തിലേക്കു നടുമ്പോള്‍ തായ് വേര് വളരാതെ ചുരുണ്ടു നില്‍ക്കുന്നതിനാല്‍ മരം വളര്‍ന്നാല്‍ കാറ്റത്ത് മറിഞ്ഞ് വീഴും.

രോഗങ്ങള്‍
വേരിന്/തണ്ടിന് ചെറിയ മുറിവു പറ്റിയാല്‍ തന്നെ മരുന്നു പ്രയോഗം നടത്തിയില്ലെങ്കില്‍ രോഗങ്ങളുടെ കൂടാരമാണ് ജാതി മരങ്ങള്‍. ഷെയ്ഡ് ഉള്ളടിത്ത് രോഗങ്ങള്‍ അതിവേഗം പടരും. ഇല കരിച്ചില്‍ കായ്ചീയല്‍ ഇലപ്പുള്ളി വന്ന് ഇലപൊഴിയല്‍ എന്ന ആന്ത്രാക്‌നോസ്, കമ്പുണക്കം, മുടിനാരുകരിച്ചില്‍, മഴക്കാലത്ത് കാണുന്ന ഇലകൊഴിയല്‍, കായ്കള്‍ കറുപ്പ് നിറം ബാധിച്ചു കൊഴിയുക, തടി പൊട്ടിയൊലിക്കുന്ന ചെന്നീരൊലിപ്പ്, വേരു ചീയല്‍, തായ് തടിക്ക് വിരിച്ചില്‍ / പൊട്ടല്‍ വന്ന് കറ വരികയും അവിടങ്ങളില്‍ കൂണുകള്‍ ഉണ്ടാകുകയും ചെയ്യുന്ന ഗാനോഡെര്‍മ, ഇലകളിലെ കരിം പൂപ്പല്‍ വന്ന് ഇലകൊഴിയുക, ആല്‍ഗല്‍ റെസ്റ്റ്, പിന്നെ തണ്ട് തുരപ്പന്‍, ശല്‍ക കീടങ്ങള്‍ അങ്ങനെ രോഗങ്ങളുടെ കൂടാരമാണ് ജാതി മരങ്ങള്‍. എല്ലാ രോഗങ്ങള്‍ക്കും ചെമ്പ് കലര്‍ന്ന കുമിള്‍നാശിനികളാണ് പ്രയോജനപ്രദം. കീടങ്ങള്‍ക്ക് കീടനാശിനിയും ആവശ്യമെങ്കില്‍ പ്രയോഗിക്കണം.
മഴ ഇല്ലാത്ത കാലാവസ്ഥയില്‍ ജലസേചനം നല്‍കാന്‍ പറ്റില്ലെങ്കില്‍ ജാതി നടാതിരിക്കുന്നതാണ് നല്ലത്. ചെടിയുടെ വളര്‍ച്ചയ്ക്കും, കായ്കളുടെ ഉല്‍പാദനത്തിനും, തുടര്‍ന്ന് കായ്കളുടെ വളര്‍ച്ചയ്ക്കും ജലം അത്യാവശ്യമാണ്.

ജാതിത്തോട്ടത്തിലെ വരുമാനം ആപേഷികമാണ്. 15 വര്‍ഷം കഴിഞ്ഞ, 20 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ വളര്‍ന്ന മരങ്ങളില്‍നിന്ന് കായ്കള്‍ പറിച്ചെടുക്കുക എന്നത് പ്രയോഗികമല്ല. മരത്തില്‍ കയറി പറിക്കുക എന്നത് വളരെയേറെ ചെലവു കൂടുതലാണ്. തൊഴിലാളികളെ കൂട്ടാതെ സ്വന്തമായി ചെയ്താല്‍ കിട്ടുന്നതൊക്കെ ലാഭം. കായ്കള്‍ തോട്ടി എത്തുന്നിടത്തോളം ഉയരത്തില്‍ പറിക്കുകയും, എല്ലാ ദിവസവും ചുവട്ടില്‍നിന്ന് പെറുക്കി എടുക്കുകയും ചെയ്താല്‍ ജാതിക്കൃഷിയുമായി മുന്നോട്ടു പോകാം.

ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന തൈകള്‍ മുഴുവന്‍ വളര്‍ന്ന് കായിച്ചാല്‍ വരുന്ന അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ജാതി വെട്ടി മറ്റു കൃഷിയിലേക്കു മാറേണ്ടതായി തന്നെ വരും.

English summary: Nutmeg cultivation and profit

Related posts:

Leave a Reply

Your email address will not be published.