പാകിസ്ഥാന് സിന്ദാബാദ് വിളിച്ച മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി
1 min readബംഗളൂരു: പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലാണ് സംഭവം. ഇവര്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. വിദ്യാര്‍ത്ഥികളുടെ നടപടി മനഃപൂര്‍വ്വമായതല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ന്യൂ ഹൊറൈസണ്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നവംബര്‍ 25,26 തീയതികളില്‍ ഒരു ഇന്റര്‍ കോളേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചില വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രിയപ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമുകളുടെയും രാജ്യങ്ങളുടെയും പേരുകള്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആര്യന്‍, ദിനകര്‍, റിയാ എന്നിവര്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥി ഇത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ 17, 18 വയസ് പ്രായമുള്ളവരാണ്. ഇവര്‍ വെറുതെ ഒരു രസത്തിന് വേണ്ടി പാകിസ്ഥാന് സിന്ദാബാദ് വിളിച്ചതാണെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.
കലാപമുണ്ടാക്കാനും പൊതുജനങ്ങളില്‍ ഭയം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കിയതിനുമാണ് മാറാത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കോളേജ് അധികൃതര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്. ‘അവരുടെ സ്വന്തം സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. കോളേജ് അധികൃതര്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുകയും ഞങ്ങള്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഞങ്ങള്‍ ആദ്യം അവരെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അവരുടെ പ്രവൃത്തി മനഃപൂര്‍വമായിരുന്നില്ല.’വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.