അഞ്ച് ലക്ഷം രൂപയുടെ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

1 min read

മലപ്പുറം: കോട്ടക്കലില്‍ അതിമാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മൂന്ന് പേരെ കോട്ടക്കല്‍ പൊലീസ് പിടികൂടി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലീസ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 50 ഗ്രാം ക്രിസ്റ്റല്‍ എന്‍ഡിഎംഎ കണ്ടെടുത്തു. അഞ്ച് ലക്ഷത്തോളം വില വരുന്നതാണ് ഇതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് സംഘം പിടിയിലായത്.

ലഹരി കടത്തുന്നത് കളിപ്പാട്ടങ്ങളുടെയും മറ്റും മറവില്‍

കേരളത്തിലേക്ക് അതിമാരക മയക്കുമരുന്നുകള്‍ കടത്തുന്നത് കളിപ്പാട്ടങ്ങളുടെയും വാഹന പാര്‍ട്‌സുകളുടെയും മറവില്‍. ബംഗളൂരുവില്‍ നിന്നാണ് അതിമാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നത്. ബസ്, ട്രെയിന്‍ മാര്‍ഗമാണ് ഇവ ഏജന്റുമാര്‍ എത്തിക്കുന്നത്. കളിപ്പാട്ടങ്ങള്‍ക്കുള്ളിലും വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് അകത്തും ഒളിപ്പിച്ച് വെച്ചാണ് ഇവ കേരളത്തിലെത്തിക്കുന്നത്. അതിമാരക ലഹരിവസ്തുക്കളായ എംഡിഎംഎ വിതരണം ചെയ്യുന്നതിനായി ബംഗളൂരുവില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി അന്വേഷണസംഘം പറയുന്നു.

കേരളത്തില്‍ നിന്ന് ഇതിനായി ബംഗളൂരുവിലെത്തുന്ന സംഘം രഹസ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കൈമാറുന്നത്. ഇവ പിന്നീട് ചെറിയ പാക്കറ്റുകളിലാക്കി ചെറുകിടക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്. 10 ഗ്രാം അടങ്ങുന്ന ചെറിയ പാക്കറ്റുകളിലാണ് ഇവ ചെറുകിടക്കാര്‍ക്ക് നല്‍കുന്നത്. ഇതിന് പതിനായിരം രൂപയാണ് ഏജന്റ് ഈടാക്കുക. മൊത്ത വിതരണക്കാരില്‍ നിന്നും സംഘടിപ്പിക്കുന്ന ലഹരി ഏജന്റുമാര്‍ മുഖേന കേരളത്തില്‍ എത്തിക്കുന്നതിന് പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മാസം കോട്ടക്കലില്‍ നിന്നും പാഴ്‌സലായി എത്തിയ ലഹരിയുമായി ഒരാള്‍ അറസ്റ്റിലായിരുന്നു. ഒരു തവണ ഉപയോഗിച്ചാല്‍ പോലും ആസക്തിയുയര്‍ത്തുന്ന ഇത്തരം ലഹരി വസ്തുക്കള്‍ യുവാക്കളെ ലക്ഷ്യം വച്ചാണ് വിതരണം ചെയ്യുന്നത്. ആറ് മാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.