സിറ്റി സര്‍വീസ് ബസുകള്‍ ആലുവ ടൗണ്‍ ചുറ്റാതെ ചെറുവഴിയിലൂടെ പോകുന്നു

1 min read

ആലുവ നഗരം ചുറ്റാതെ കുറുക്കുവഴിയിലൂടെ സഞ്ചരിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കഴിഞ്ഞ ദിവസം വൈകീട്ടാണ് കാറുകള്‍ക്കും ബൈക്കുകള്‍ക്കും മാത്രം പോകാന്‍ സാധിക്കുന്ന ചെറുറോഡിലൂടെ അനധികൃതമായി ബസ് കയറ്റിയത്. ആലുവ ഫയര്‍‌സ്റ്റേഷന് മുന്നില്‍ മാര്‍ക്കറ്റിനുള്ളിലൂടെയാണ് ചെറുവഴിയുള്ളത്.

വീതി കുറഞ്ഞതും കുത്തനെയുള്ള കയറ്റമുള്ളതുമായ ഈ റോഡിലൂടെ ബസ് കയറിയതും ബസിന്റെ അടിഭാഗം നിലത്തിടിച്ച് മുന്നിലേക്ക് പോകാന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ റോഡില്‍ ഇറക്കി നിര്‍ത്തുകയായിരുന്നു. കയറ്റം കയറിയ ശേഷമാണ് യാത്രക്കാരെ തിരിച്ച് കയറ്റിയത്. ഇതോടെ ഗതാഗതവും തടസ്സപ്പെടുകയായിരുന്നു.

കാറുകള്‍ക്കും ബൈക്കുകള്‍ക്കും മാത്രം പോകാന്‍ സാധിക്കുന്ന റോഡിലൂടെ ബസ് കയറ്റിയതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും ആലുവ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ബസ് ഡ്രൈവറിന്റെ ലൈസന്‍സ് പിടിച്ചെടുത്തിരുന്നു. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിനും യാത്രക്കാര്‍ക്ക് അപകടമുണ്ടാകാവുന്ന വിധത്തില്‍ വാഹനം ഓടിച്ചതിനുമാണ് ലൈസന്‍സ് റദ്ദാക്കുന്നത്.

ആലുവ നഗരം ചുറ്റാതെ എളുപ്പത്തില്‍ ബസ് സ്റ്റാന്‍ഡിലെത്തുന്നതിന് വേണ്ടിയാണ് സ്വകാര്യ ബസ് ഈ വഴി ഓടിച്ചത്. ബസുകള്‍ റൂട്ട് പെര്‍മിറ്റ് ലംഘനം നടത്തി ചെറുവഴികളിലൂടെ പോകുന്നതിനെതിരേ മോട്ടോര്‍വാഹന വകുപ്പും പോലീസും നടപടിയെടുക്കണമെന്ന് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.

Related posts:

Leave a Reply

Your email address will not be published.