പ്രതിപക്ഷ ഐക്യവും കേജ്രിവാളിനെ സഹായിക്കില്ല
1 min readഡൽഹി ഭേദഗതി ബിൽ 2023 രാജ്യസഭയിലും പാസ്സാകും
ഡൽഹി ഭേദഗതി ബിൽ 2023 ഇന്ന് ലോക്സഭ ചർച്ചചെയ്യും. ബില്ലിനെതിരെ പ്രതിപക്ഷ സഖ്യത്തെ കൂട്ടുപിടിച്ച് വലിയ പ്രചാരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയത്. ബില്ലിനെതിരെ നിശ്ശബ്ദത പുലർത്തിയിരുന്ന കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനും കേജ്രിവാൾ നീക്കം നടത്തിയിരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ ആദ്യയോഗം കഴിഞ്ഞ് ഫോട്ടോ എടുക്കാൻ നിൽക്കാതെ കേജ്രിവാൾ മടങ്ങിയത് അതുകൊണ്ടാണ്. ഡൽഹി ബില്ലിനെതിരെ കോൺഗ്രസ് പ്രതികരിച്ചാലേ അവരുമായി സഹകരിക്കൂ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ ആം ആദ്മി പാർട്ടിയുടെ എല്ലാ പ്രതീക്ഷകളെയും അവകാശവാദങ്ങളെയും അട്ടിമറിച്ച് ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും പാസ്സാകുമെന്നാണ് കണക്കുകൾ പറയുന്നത്.
ഡൽഹി സർക്കാരിന്റെ അവകാശങ്ങളും സഹകരണവും സംബന്ധിച്ച ബിൽ രാജ്യസഭയിൽ പാസാക്കുന്നതിൽ സർക്കാരിന് പ്രയാസമുണ്ടാവില്ലെന്നാണ് നയതന്ത വിദഗ്ധരുടെ അഭിപ്രായം. ലോക്‌സഭയിൽ 301 എം പി മാർ ബി ജെ പി ക്കുമാത്രമുണ്ട്. അതുകൊണ്ടു തന്നെ ഏതുബില്ലും ലോക്സഭയിൽ പാസാക്കിയെടുക്കാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. എന്നാൽ, രാജ്യസഭയിൽ എൻഡിഎ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമില്ല.
ബിൽ രാജ്യസഭ കടക്കില്ല എന്ന പ്രചാരണമാണ് ആം ആദ്മി പാർട്ടിയും പ്രതിപക്ഷ സഖ്യവും നടത്തുന്നത്. ബില്ലിനെതിരെ നിലപാട് എടുക്കുന്നതിന് പ്രതിപക്ഷത്തെ സ്വാധീനിക്കുന്നതിനു വേണ്ടിയാണ് കേജ്രിവാൾ ഇന്ത്യ സഖ്യത്തിൽ ചേർന്നതു തന്നെ. എന്നാൽ ഈ നീക്കമൊന്നും അരവിന്ദ് കെജ്രിവാളിനെ തുണക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
237 എം.പി. മാരാണ് രാജ്യസഭയിലുള്ളത്. ബില്ല് പാസ്സാകാൻ വേണ്ടത് 119 പേരുടെ പിന്തുണയും. ബിജെപിക്ക് രാജ്യസഭയിൽ 92 എംപിമാരാണുള്ളത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ എഐഎഡിഎംകെയ്ക്ക് നാലും അസം ഗണ പരിഷത്ത്, മിസോ നാഷണൽ ഫ്രണ്ട്, എൻപിപി, പിഎംകെ, ആർപിഐ(എ), ടിഎംസി(എം), യുപിപിഎൽ എന്നീ പ്രദേശിക പാർട്ടികൾക്ക് ഓരോ എംപിമാരുമുണ്ട്. ഇവരെല്ലാം ചേർന്നാൽ അംഗസംഖ്യ 103 ആകും. കൂടാതെ ഒരു 1 സ്വതന്ത്ര എംപിയുടെയും അഞ്ച് നോമിനേറ്റഡ് എംപിമാരുടെയും പിന്തുണ കൂടി ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻസിപിയുടെ അജിത് പവാർ വിഭാഗം പിന്തുണയ്ക്കുന്നതോടെ എം.പി.മാരുടെ എണ്ണം 110 ആയി.
കണക്കുകൾ ഇങ്ങനെ നിൽക്കുമ്പോഴാണ് വൈഎസ്ആർ കോൺഗ്രസും ബിജു ജനതാദളും ബിജെപി സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നത്. ഇരു പാർട്ടികൾക്കും 9 എം.പി മാർ വീതമാണ് രാജ്യസഭയിൽ ഉള്ളത്. ഇവരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ എം.പിമാരുടെ എണ്ണം 128 ആകും.
ഡൽഹി സർക്കാരിന്റെ അവകാശങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട ഈ ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത് ഇന്നലെയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബിൽ അവതരത്തെ എതിർത്തു, ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് വ്യാഖ്യാനിച്ചായിരുന്നു എതിർപ്പ് . ഡൽഹി സംസ്ഥാനത്തെ സംബന്ധിച്ച് ഏത് നിയമവും പാസാക്കാൻ സഭയ്ക്ക് അധികാരം ഉണ്ടെന്ന് അമിത്ഷാ ലോക്സഭയെ അറിയിച്ചു. ഇതുസംബന്ധിച്ച കോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭ പാസാക്കിയ ശേഷം ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.