എം ജി സര്‍വ്വകലാശാല അധ്യാപക നിയമനം: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

1 min read

എംജി സര്‍വകലാശാല അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് എംജി സര്‍വകലാശാല സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമാണെന്നും ഇതില്‍ കോടതി ഇടപെടല്‍ പാടില്ലെന്നും ഹര്‍ജിയില്‍ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ നിശ്ചിയിക്കാനുള്ള അധികാരം സര്‍ലകലാശാലയ്ക്കാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ച എംജി സര്‍വകലാശാല ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍വ്വകലാശാലയുടെ കീഴിയിലുള്ള കോളേജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. ജഡ്ജിമാരായ പി എസ് നരസിംഹാ, ജെ ബി പര്‍ദ്ദിവാലാ എന്നിവിരടങ്ങിയ ബെഞ്ചിന്റതാണ് നടപടി.സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം അഭിമുഖത്തിന് പരമാവധി 50 മാര്‍ക്കും, അധ്യാപന അഭിരുചിക്ക് 10 മാര്‍ക്കും, ഗവേഷണ അഭിരുചിക്ക് 20 മാര്‍ക്കും, വിഷയത്തില്‍ ഉള്ള അറിവിന് 10 മാര്‍ക്കുമാണ് നല്‍കാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ പുതിയ മാനദണ്ഡം പുറത്തിറക്കാനും എം.ജി. സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്

എം.ജി. സര്‍വ്വകലാശാല ഉത്തരവ് യു.ജി.സി. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഭിമുഖത്തിന് പരമാവധി 20 മാര്‍ക്ക് ആയിരുന്നു നല്‍കിയിരുന്നത്. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം.ജി. സര്‍വകലാശാല പുറത്തിറക്കിയത്. എം ജി സര്‍വകലാശാലയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദ്രര്‍ സിങ്, സാക്ഷി കക്കര്‍, ഹൈക്കോടതിയിലെ സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സുറിന്‍ ജോര്‍ജ്ജ് ഐപ്പ് എന്നിവര്‍ ഹാജരായി.

Related posts:

Leave a Reply

Your email address will not be published.