താജ്മഹലിന്റെ കാലപ്പഴക്കവും തെറ്റായ ചരിത്രവും തിരുത്തണമെന്ന ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല

1 min read

രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ് മഹലിന്റെ കാലപ്പഴക്കം നിര്‍ണയിക്കണമെന്ന ആവശ്യവുമായുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളില്‍ നിന്ന് താജ്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകള്‍ നീക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങളാണോ തെറ്റായ വസ്തുതകള്‍ തീരുമാനിക്കുന്നതെന്ന ചോദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് ഈ വസ്തുതകള്‍ തെറ്റാണോ ശരിയാണോയെന്ന് എങ്ങിനെ തീരുമാനിക്കാനാവും എന്ന് ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ഇതോടെ ഹര്‍ജിക്കാരന്‍, ഹര്‍ജി പിന്‍വിലിക്കുകയാണെന്നും ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും കോടതിയില്‍ വ്യക്തമാക്കി.

രണ്ട് മാസം മുന്‍പും സമാനമായ ഹര്‍ജി കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. എന്നാല്‍ കോടതി ഹര്‍ജി പരിഗണിക്കാതിരുന്നതോടെ ഇതും പിന്‍വലിക്കുകയാണുണ്ടായത്. താജ്മഹല്‍ (Taj Mahal) മുഗള്‍ രാജാവായ ഷാജഹാന്‍ തന്റെ ജീവിത പങ്കാളിയായ മുംതാസിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചതാണെന്നാണ് ആധികാരിക രേഖകള്‍ പറയുന്നത്. എന്നാല്‍ ചരിത്രം വളച്ചൊടിച്ചതാണെന്നും സ്മാരകം ഹിന്ദുക്കളുടേതുമാണെന്നും അവകാശവാദങ്ങള്‍ ഉയരുന്നുണ്ട്. ജയ്പൂര്‍ രാജകുടുംബത്തിന്റേതാണ് സ്മാരകം സ്ഥിതി ചെയ്യുന്ന ഭൂമിയെന്ന് പറഞ്ഞ് നേരത്തെ ബിജെപി എംപി തന്നെ രംഗത്ത് വന്നിരുന്നു. ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാന്‍ താജ്മഹലിനുള്ളിലെ 20 മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലെ ബിജെപി മീഡിയ തലവന്‍ രജ്‌നീഷ് സിങാണ് ഏറെ നാളായി നിയമപോരാട്ടത്തിലാണ്.

Related posts:

Leave a Reply

Your email address will not be published.