ജയിലിലുള്ള ആംആദ്മി മന്ത്രിയുടെ കാല്‍ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി

1 min read

എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ കാല്‍ തിരുമ്മിക്കൊടുത്ത സഹ തടവുകാരന്‍ ബലാംത്സംഗ കേസിലെ പ്രതിയെന്ന് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍. റിങ്കു എന്ന പ്രതിയാണ് മസാജ് ചെയ്തത്. ഫിസിയോ തെറാപ്പിസ്റ്റ് അല്ലെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. സത്യേന്ദര്‍ ജെയിന്റെ കാ തിരുമ്മുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സത്യേന്ദര്‍ ജയിനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. ജയിലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തിഹാര്‍ ജയിലില്‍ സത്യേന്ദര്‍ ജെയിന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ സഹതടവുകാരന്‍ അദ്ദേഹത്തിന്റെ കാല്‍ തിരുമ്മുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദില്ലി ജയില്‍ വകുപ്പ് എഎപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴിലാണ് വരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ജെയിന്‍ ചില രേഖകള്‍ വായിക്കുന്നതും വെള്ള ടീ ഷര്‍ട്ടിട്ട ഒരാള്‍ കാലുകള്‍ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

ജെയിനിന് വിഐപി പരി?ഗണന നല്‍കിയെന്നാരോപിച്ച് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലിനുള്ളില്‍ തല മസാജ്, കാല്‍ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നല്‍കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. ദില്ലി മന്ത്രി ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി സമര്‍പ്പിച്ചിരുന്നു.

അതേസമയം കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ദില്ലി റോസ് അവന്യു കോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി സത്യേന്ദര്‍ ജെയിനിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ഇഡിയാണ് വീഡിയോ ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വീഡിയോ ഏറ്റെടുത്തിട്ടും അത് എങ്ങനെയാണ് ചോര്‍ന്നതെന്നാണ് അന്വേഷണ ഏജന്‍സിയോട് കോടതി ചോദിച്ചിരിക്കുന്നത്. പ്രത്യേക ജഡ്ജി വികാസ് ദുല്‍ ആണ് ഇഡിക്ക് നോട്ടീസ് അയച്ചത്. നവംബര്‍ 21 ന് കേസ് പരിഗണിക്കും.

Related posts:

Leave a Reply

Your email address will not be published.