പ്രണയ പരിചരണത്തിന്റെ എട്ടു വര്‍ഷങ്ങള്‍ക്കൊടുവില്‍; വീല്‍ചെയറിലിരുന്ന് ശിവദാസന്‍ സബിതക്ക് താലി ചാര്‍ത്തി.
1 min readവെറുമൊരു പ്രണയമായിരുന്നില്ല സബിതക്ക് ശിവദാസനോട്. അതൊരു വാക്കുനല്കലായിരുന്നു. ഏത് പ്രതിസന്ധിയിലും കൈ പിടിച്ച് കൂടെയുണ്ടാകുമെന്ന വാക്ക്. ആ വാക്കുനല്കലിന്റെ പൂര്‍ത്തീകരണമെന്നോണം കഴിഞ്ഞ ദിവസം സബിതയുടെയും ശിവദാസന്റെയും വിവാഹമായിരുന്നു. ശിവദാസന്റെ മുറപ്പെണ്ണ് കൂടിയായിരുന്നു സബിത. പ്രണയത്തിലായിരുന്ന ഇരുവരെയും ഒന്നിപ്പിക്കാന്‍ വീട്ടുകാര്‍ക്കും പരിപൂര്‍ണ്ണ സമ്മത മായിരുന്നു എന്നാല്‍ ഈ ജീവിതങ്ങള്‍ക്കിടയില്‍ വില്ലനായത് വിധിയാണ്.
ഇവരുടെ വിവാഹ നിശ്ചയ ശേഷം കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ശിവദാസന്‍ ജോലിക്കിടെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് അരക്ക് താഴേക്ക് തളര്‍ന്നു പോയി. എന്നാല്‍ തളരാന്‍ സബിത തയ്യാറായിരുന്നില്ല. കിടക്കയിലായിപ്പോയ ശിവദാസനെ പരിചരിച്ചും സ്നേഹിച്ചും സബിത കൂടെ നിന്നു. സബിതയുടെ എട്ടുവര്‍ഷത്തെ പരിചരണത്തിന്റെയും സ്നേഹത്തിന്റെയും ഫലമായി കിടക്കയില്‍ എഴുന്നേറ്റിരിക്കാമെന്ന അവസ്ഥയിലേക്ക് ശിവദാസന്‍ എത്തി. ഈ എട്ടു വര്‍ഷത്തിനിടെ വിവാഹത്തെക്കുറിച്ച് ഇരുവരും ചിന്തിച്ചതേയില്ലെന്നാണ് വാസ്തവം.
ശിവദാസനെ സഹായിക്കാനെത്തിയ തരിയോട് സെക്കന്‍ഡറി പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ഇരുവരുടെയും ജീവിതകഥയറിഞ്ഞ് വിവാഹത്തിന് മുന്‍കൈയെടുത്തത്. ഞായറാഴ്ച വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ ലളിതമായ ചടങ്ങില്‍ ശിവദാസനും സബിതയും പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു. വീല്‍ചെയറിലിരുന്നാണ് ശിവദാസന്‍ സബിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വരനെ വീല്‍ചെയറിലിരുത്തി വധു വിവാഹ മണ്ഡപത്തിന് വലം വെച്ചു. അങ്ങനെ വെങ്ങപ്പള്ളി ലാന്‍ഡ്ലസ് കോളനിയിലെ ശിവദാസന്റെയും ചൂരിയാറ്റ കോളനിയിലെ സബിതയുടെയും പ്രണയം പ്രതിബന്ധങ്ങളെ മറികടന്ന് ദാമ്പത്യത്തിലേത്തെയിരിക്കുകയാണ്.