ഭിന്നശേഷിക്കാരുടെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ജീവനക്കാര്‍ കുറവ്

1 min read

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കായുള്ള ദേശീയ സ്ഥാപനങ്ങളില്‍ ആവശ്യമായ ജീവനക്കാരില്ലാത്തത് നിരാശാജനകമാണെന്ന് സാമൂഹികനീതി മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി. ദശാബ്ദങ്ങള്‍ക്കുമുമ്പ് സ്ഥാപിതമായ ഈ സ്ഥാപനങ്ങളില്‍ മതിയായ അധ്യാപകരില്ലെന്നത് ആശങ്കയുണ്ടാക്കുന്നതായും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസെബിലിറ്റീസിന്റെ കോമ്പോസിറ്റ് റീജണല്‍ സെന്ററുകളില്‍ (സി.ആര്‍.സി.) അനുവദിച്ചിട്ടുള്ള അംഗസംഖ്യ 26 ആണ്. അതില്‍ 20 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെ സി.ആര്‍.സി.കളില്‍ 20 സ്ഥിരം തസ്തികകളും 106 കരാര്‍ തസ്തികകളും അനുവദിച്ചതില്‍ എട്ട് സ്ഥിരംതസ്തികകളും 58 കരാര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ജീവനക്കാരുടെ കുറവ് വിദ്യാര്‍ഥികള്‍ക്കും ഗുണഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ കൃത്യമായ നിയമനങ്ങള്‍ നടത്തണമെന്നും സമഗ്ര പരിശോധനകള്‍ നടത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.

ഒഴിവുവരുന്ന തസ്തികകളില്‍ കൃത്യമായ നിയമനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണം. വര്‍ഷങ്ങളോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.അനുവദനീയവും നിലവിലെ ജീവനക്കാരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.