ശരത്പവാർ ബിജെപി പാളയത്തിലേക്കോ?
1 min readശരത്പവാർ ഇന്ത്യാമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തം
എൻ.സി.പി അധ്യക്ഷൻ ശരത്പവാറും വിമത നേതാവ് അജിത്പവാറും തമ്മിൽ പൂണെയിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെച്ചൊല്ലി ഇന്ത്യാമുന്നണിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. ശരദ്പവാറിന്റെ വലംകയ്യായിരുന്നു സഹോദരപുത്രൻ കൂടിയായ അജിത്പവാർ. എന്നാൽ അടുത്തിടെയാണ് അദ്ദേഹം പാർട്ടി പിളർത്തി എൻ.ഡി.എ ക്യാംപിലെത്തുകയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് പൂണെ കൊറേഗാവ് പാർക്കിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടിൽവെച്ചാണ് ഇരുവരും തമ്മിൽ കണ്ടത്. കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടുപേരും മാധ്യമങ്ങളെ ഒഴിവാക്കി മടങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
പരസ്പരം കണ്ടതിൽ തെറ്റില്ലെന്നായിരുന്നു ശരത്പവാറിന്റെ വിശദീകരണം. അജിത് സഹോദരന്റെ മകനാണെന്നും കുടുംബാംഗങ്ങൾ തമ്മിൽ കാണുന്നതിൽ എന്താണ് തെറ്റെന്നും ശരത്പവാർ ചോദിക്കുന്നു. അനുനയിപ്പിച്ച് എൻഡിഎ പാളയത്തിൽ എത്തിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. ബിജെപിയുമായി ഒരിക്കലും കൈകോർക്കില്ല. ശരത്പവാർ പറഞ്ഞു.
എന്നാൽ ഈ കൂടിക്കാഴ്ചയെ രൂക്ഷമായിത്തന്നെ വിമർശിക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാപട്ടോളെ. ബന്ധുക്കളായ രണ്ടുപേർ രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നത് എന്തിനെന്ന ചോദ്യമാണ് പട്ടോളെ ഉയർത്തുന്നത്. ബിജെപിയെ എതിർക്കുന്ന ഇന്ത്യാമുന്നണിയിലെ നേതാവാണ് ശരത്പവാർ. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്ന അജിത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്ന് കോൺഗ്രസ് കരുതുന്നു. ഈ കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവു തന്നെ രംഗത്തു വന്നത്. ഇത്തരം സംഭവങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് നാനാപട്ടോളെ പറയുന്നു. പുതിയ സംഭവ വികാസങ്ങൾ, കോൺഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യ മുന്നണിയുടെ അടുത്ത യോഗത്തിൽ ഇതു ചർച്ചയാവുമെന്നും നാനാപട്ടോളെ പറഞ്ഞു.
പവാർ ബിജെപിക്കൊപ്പം പോകുമെന്ന ആശയക്കുഴപ്പം ശിവസേനക്കുമുണ്ട്. പവാറുമാരുടെ യോഗത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതിനു ശേഷം നാനാപട്ടോളെ ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. താക്കറെയുടെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ ശിവസേനാ വക്താവ് സഞ്ജയ് റാവത്തും പങ്കെടുത്തു. ശരത്പവാറിന്റെ നിലപാട് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനേ ഇത്തരം കൂടിക്കാഴ്ചകൾ സഹായിക്കൂ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സഖ്യം അതിനു വില നൽകേണ്ടി വരും. അദ്ദേഹം പറഞ്ഞു. ശരത്പവാറിന്റെ വിശദീകരണം പൂർണമായും വിശ്വസിക്കാൻ തയ്യാറായിട്ടില്ല കോൺഗ്രസും ശിവസേനയും.
ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ലോകമാന്യ തിലക് അവാർഡ് ഏറ്റുവാങ്ങുന്ന വേദിയിൽ ശരത്പവാറുമുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പവാറിനോട് നേരിട്ട് ആവശ്യപ്പെട്ടതുമാണ്. എന്നിട്ടും നരേന്ദ്രമോദി ആദരമേറ്റു വാങ്ങുന്ന ചടങ്ങിനെത്തി ശരത്പവാർ. ഇതും ഇന്ത്യാമുന്നണിയുടെ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. പവാർ ചാഞ്ചാടി നിൽക്കുന്നു എന്ന തോന്നലാണ് സഖ്യകക്ഷികൾക്ക് ഇപ്പോഴുള്ളത്. നരേന്ദ്രമോദി, ഇന്ത്യാമുന്നണിയെ ഈസ്റ്റിന്ത്യാ കമ്പനിയുമായും ഇന്ത്യൻ മുജാഹിദ്ദീനുമായും താരതമ്യം ചെയ്തതിനു പിന്നാലെയായിരുന്നു ശരത്പവാർ പൂണെയിലെ പരിപാടിയിൽ പങ്കെടുത്തത്. ബിജെപിയോട് അടുക്കാൻ അവസരം തേടുകയാണോ ശരത്പവാർ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
ഈ വർഷം ഒക്‌ടോബറിലാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. അതിന്റെ ചൂടാറും മുൻപേ ലോക്‌സഭാ തെരഞ്ഞെടുപ്പുമുണ്ടാകും. പവാറിന്റെ ഇത്തരം പ്രവൃത്തികൾ ഇന്ത്യാമുന്നണിയുടെ നിലനിൽപ്പു തന്നെ അപകടത്തിലാക്കുമെന്ന് ഇതര കക്ഷികൾ കരുതുന്നു. സിപിഎം, എഎപി, തൃണമൂൽ തുടങ്ങിയ കക്ഷികളും ശരത്പവാറിന്റെ നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. പരസ്യപ്രതികരണത്തിന് അവർ ഇതുവരെ മുതിർന്നില്ലെന്നു മാത്രം. ഇന്ത്യാമുന്നണിയുടെ അടുത്ത യോഗത്തിൽ ഇതൊരു പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് ഉറപ്പ്. വിശദീകരണം നൽകി സഖ്യകക്ഷികളുടെ പ്രതിഷേധം തണുപ്പിക്കാൻ ശരത്പവാർ തയ്യാറാകുമോ? അതോ സഹോദരപുത്രനൊപ്പം ബിജെപി മുന്നണിയിലേക്ക് ചേക്കേറുമോ? മഹാരാഷ്ട്രയിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.