പൈപ്പിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ കുടിവെള്ള പൈപ്പിലൂടെ മലിനജലം വിതരണം ചെയ്തു
1 min read
ആലപ്പുഴ: പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരിൽ ആലപ്പുഴയിൽ മലിനജലം വിതരണം ചെയ്തതായി പരാതി. നഗരത്തിലെ കൊട്ടാരം പാലത്തിന് സമീപമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായത്. അമൃതം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിലൂടെ സമീപത്തെ തോട്ടിലെ മലിനജലം കടത്തി വിടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടാണ് ഉദ്യോഗസ്ഥർ ഇത് ചെയ്യിച്ചത്. മലിനജലം അടുക്കളകളിൽ എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ തോട്ടിലെ മലിനജലം കടത്തി വിടുന്നത് കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് നഗരസഭ ചെയർപേഴ്‌സൺ സൌമ്യ രാജ് പറഞ്ഞു. പൈപ്പിന്റെ കാര്യക്ഷമത പരിശോധിക്കാനായിരുന്നെങ്കിൽ സമീപത്തെ വാട്ടർ ടാങ്കിലെ വെള്ളം കടത്തി വിടാമായിരുന്നു എന്ന് ചെയർപേഴ്‌സൺ പറഞ്ഞു. അലംഭാവം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൗമ്യ രാജ് പറഞ്ഞു.