സ്‌കൂട്ടറില്‍ ചരക്ക് ലോറി ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, അപകടം അമ്മയുടെ മുന്നില്‍ വച്ച്
1 min readവിയ്യൂര്‍ (തൃശൂര്‍) : സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനി അമ്മയുടെ മുമ്പില്‍ വച്ച് ചരക്കുലോറി ഇടിച്ച് മരിച്ചു. തൃശൂരിലെ വിയ്യൂര്‍ ആണ് ദാരുണമായ സംഭവം നടന്നത്. 22 കാരി റെനിഷയാണ് അപകടത്തില്‍ മരിച്ചത്. അമ്മ സുനിത മകള്‍ പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു. അപകടം നാട്ടുകാരെ അറിയിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതും സുനിതയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും റെനിഷയെ രക്ഷിക്കാനായില്ല. റെനിഷ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നു.
അരണാട്ടുകരയിലെ ജോണ്‍മത്തായി സെന്ററില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ് റെനിഷ. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ റെനിഷയുടെ സ്‌കൂട്ടറില്‍ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടന്നുവേണം തൃശൂരിലേക്ക് പോകാന്‍. റോഡ് മുറിച്ച് കടക്കുന്നതിന് മുന്നെയാണ് മുളങ്കുന്നത്തുകാവ് എഫ്‌സിഐ ?ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറി സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ റെനിഷയുടെ ശരീരത്തിലൂടെ ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
അതേസമയം ആലപ്പുഴയില്‍ മിച്ചല്‍ ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കവെ സിഗ്‌നല്‍ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ച് വയോദിക മരിച്ചു. ചെന്നിത്തല തൃപ്പരുംതുറ തെക്കേക്കുറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ82) ആണ് മരിച്ചത്. തിരുവല്ല കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. മിച്ചല്‍ ജംഗ്ഷന് കിഴക്ക് ഭാഗത്ത് സിഗ്‌നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് സിഗ്‌നല്‍ ലഭിക്കുന്നതിന് മുന്‍പ് വടക്കോട്ട് തിരിക്കവെ ബസിനു മുന്‍പിലൂടെ നടക്കുകയായിരുന്ന റയിച്ചലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ബസിന്റെ ചക്രങ്ങള്‍ റെയ്ച്ചലിന്റെ തലയിയൂടെയും കാലിലൂടെയും കയറി ഇറങ്ങി. മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്തുള്ള പ്രര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്നും പ്രാര്‍ത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു അവര്‍. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര്‍ ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന്‍ (30) പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.