സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ഒരു കൈയുടെ ചലനശേഷിയും

1 min read

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ സാഹിത്യപരിപാടിക്കിടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വക്താവ് ആന്‍ഡ്രൂ വൈലിയാണ് ആക്രമണത്തില്‍ റുഷ്ദിക്ക് ഉണ്ടായ പരിക്കുകളുടെ വ്യാപ്തി വിവരിച്ചത്.

റുഷ്ദിയുടെ കഴുത്തില്‍ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്. കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. നെഞ്ചിലും ശരീരത്തിലും 15 ഓളം മുറിവുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം റുഷ്ദി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണോ എന്ന കാര്യത്തില്‍ വൈലി കൃത്യമായ വ്യക്തത നല്‍കിയിട്ടില്ല.

‘ദി സാത്താനിക് വേഴ്‌സസ്’ എന്ന പുസ്തകത്തില്‍ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ച് ‘മുസ്ലിംകള്‍ക്ക് റുഷ്ദിയെ കൊല്ലാം’ എന്ന ഫത്വ അന്നത്തെ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള റുഹോല്ല ഖൊമേനി പുറപ്പെടുവിച്ചിരുന്നു. ഈ ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റുഷ്ദിക്ക് നേരെ ക്രൂരമായ കൊലപാതക ശ്രമം നടക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള നോവലിലെ ഭാഗങ്ങള്‍ മതനിന്ദയായാണ് ചില മുസ്ലീങ്ങള്‍ കണക്കാക്കിയത്. ഈ നോവലിന്റെ പേരില്‍ റുഷ്ദി പതിറ്റാണ്ടുകളോളം വധഭീഷണി നേരിടുകയായിരുന്നു.

ഹാദി മറ്റാര്‍ എന്നായാളാണ് ന്യൂയോര്‍ക്കിലെ സാഹിത്യ പരിപാടിക്കിടെ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്. ഇയാളെ സംഭവ സ്ഥലത്തുവച്ചുതന്നെ പിടികൂടിയിരുന്നു. ഹാദി മറ്റാറിന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ പരിശോധിച്ച ഫെഡറല്‍ ഏജന്‍സികള്‍ ഇയാള്‍ തീവ്ര ഷിയ പക്ഷക്കാരനാണ് എന്നാണ് കണ്ടെത്തിയത്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഇയാളുടെതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.