വിഴിഞ്ഞം ലോകത്തിലെ മികച്ച തുറമുഖമാകും, സജി ചെറിയാന്‍
1 min readതിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍, യുഡിഎഫിനെ പഴിചാരി മുന്‍മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാന്‍. പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും വിഴിഞ്ഞമെന്നും ഗതാഗത സൗകര്യമടക്കം എല്ലാ സൗകര്യവും ഉണ്ടാകും. നാടിന്റെ മുഖച്ഛായ മാറും. എന്നാലത് പിണറായി കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കണോയെന്ന കാര്യത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കിയാല്‍ നല്ലതെന്ന് സജി ചെറിയാന്‍ പറഞ്ഞു. തുറമുഖ നിര്‍മാണം വേണോ വേണ്ടേ എന്നതില്‍ പ്രതിപക്ഷത്ത് ഏകാഭിപ്രായം ഉണ്ടോ? അദാനിയെ കൊണ്ട് വരാന്‍ പറ്റില്ലെന്ന് ഹൈക്കമാന്റ് നിലപാട് തള്ളിയാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. എല്ലാ ക്ലിയറന്‍സും ടേംസ് ഓഫ് റഫറന്‍സും യുഡിഎഫ് കാലത്താണ് ഒപ്പിട്ടത്. പബ്ലിക്ക് ഹിയറിംഗ് അടക്കം നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ട് വലിയ ബാധ്യതകള്‍ എല്‍ഡിഎഫിന് മേല്‍ വച്ചു. സ്ഥലം എംപി ശശി തരൂരിന്റെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലപാട് എന്താണ്? അത് പറയാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
തുറമുഖം വേണമെന്നായിരുന്നു സിപിഎമ്മിന്റെ മുന്‍ നിലപാട്. അന്ന് ലാന്‍ഡ് ലോര്‍ഡ് മോഡല്‍ കരാര്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാലത് യുഡിഎഫ് അംഗീകരിച്ചില്ല. അദാനിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി ഉണ്ടോയെന്നും മത്സ്യതൊഴിലാളികള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഉത്തരവാദിത്തവും പിണറായി സര്‍ക്കാരിനെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. തീരത്തിന്റെ കണ്ണീരൊപ്പിയ സര്‍ക്കാര്‍ ഇത് പോലെ വേറെ ഇല്ല. മത്സ്യത്തൊഴിലാളികളെ പരിഗണിച്ചില്ലെന്ന വാദം തെറ്റാണെന്നും അന്നും ഇന്നും മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യം തന്നെയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
ലത്തീന്‍സമുദായത്തെ വിനയത്തോടെ അംഗീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഒരുപാട് നടത്തിയതാണ്. ഒരൊറ്റ പ്രശ്‌നത്തില്‍ മാത്രമാണ് തര്‍ക്കം. സമരക്കാര്‍ ആവശ്യപ്പെടുന്നത് പോലെ തുറമുഖ നിര്‍മ്മാണം നിര്‍ത്താനാകില്ല. കാരണം അത്രക്ക് സവിശേഷതയും സ്വാഭാവികതയും ഉള്ള സ്ഥലമാണ്. വലിയ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുന്ന പദ്ധതിയാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.