വടക്കാഞ്ചേരിയില്‍ ദമ്പതികളെ ബന്ദികളാക്കിയുള്ള കവര്‍ച്ച; ആറ് പേര്‍ കസ്റ്റഡിയില്‍

1 min read

തൃശ്ശൂര്‍: വടക്കഞ്ചേരിയില്‍ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ അടക്കം ആറ് പ്രതികളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സെപ്റ്റംബര്‍ 22 ന് രാത്രി ആയിരുന്നു നാടിനെ ഞെട്ടിച്ച മോഷണം. കവര്‍ച്ചാസംഘം എത്തിയ കാറും ബൈക്കും തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വജ്രാഭരണങ്ങള്‍ അടക്കം ഇരുപത്തിയഞ്ചര പവനും 10,000 രൂപയും ആണ് പ്രതികള്‍ കവര്‍ന്നത്.

ചുവട്ടുപാടം സ്വദേശി സാം പി ജോണിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ബൈക്കിലെത്തിയ ആറംഗ സംഘം സാമിന്റെ വീടിനകത്ത് കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ ഉടുമുണ്ട് കൊണ്ട് സാമിന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു.

25 പവന്‍ സ്വര്‍ണവും ഒരു വജ്രാഭരണവും പണവും മോഷ്ടിക്കപ്പെട്ടിരുനനു. ആക്രമണത്തില്‍ സാം പി ജോണിന്റെ മൂന്ന് പല്ലുകള്‍ അടര്‍ന്നുവീണു. കവര്‍ച്ചാസംഘം മടങ്ങിയ ശേഷം അയല്‍വാസികളെ സാം തന്നെ വിളിച്ച് വരുത്തുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ പക്കല്‍ കെഎല്‍ 11 രജിസ്‌ട്രേഷനിലുളള ഒരു കാറും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രദേശത്ത് സമാനമയ കവര്‍ച്ച നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു അന്വേഷണം. വടക്കഞ്ചേരിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും സാമും ഭാര്യ ജോളിയും ചികിത്സ തേടിയിരുന്നു.

അതേസമയം, ആലപ്പുഴയില്‍ ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് പൊക്കി. ആരൂര്‍ ചന്തിരൂര്‍ സ്വദേശിയായ പുതുവല്‍വീട് വിഷ്ണുവാണ് (21) അരൂര്‍ പൊലീസിന്റെ പിടിയിലായത്. അരൂരിലെ ചെരിപ്പ് വില്‍പന കേന്ദ്രത്തിലെ ജീവനക്കാരന്‍ കൊല്ലം മയ്യനാട് തോപ്പില്‍വീട്ടില്‍ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ മാസം 27ന് ആണ് ഷോപ്പിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍നിന്നും വിഷ്ണു ബൈക്ക് മോഷ്ടിച്ചത്.

Related posts:

Leave a Reply

Your email address will not be published.