സഹപാഠിക്ക് കുടിക്കാന്‍ ആസിഡ് കലര്‍ന്ന ജ്യൂസ് കൊടുത്തു; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
1 min read
തിരുവനന്തപുരം: സഹപാഠി നല്‍കിയ ആസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആന്തരാവയവങ്ങള്‍ക്ക് പോള്ളലേറ്റു. ഇരു വൃക്കകളുടെയും പ്രവര്‍ത്തനവും നിലച്ച വിദ്യാര്‍ത്ഥി മരണത്തോട് മല്ലിടുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കന്യാകുമാരി ജില്ലയുടെ കീഴില്‍ വരുന്ന കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നത്. ഇക്കഴിഞ്ഞ 24 ന് കേസിന് ആസ്പദമായ സംഭവം.
കൊല്ലങ്കോടിന് സമീപം അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ പഠിക്കുന്ന അശ്വിന്‍ പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സഹപാഠിയായ ഒരു വിദ്യാര്‍ഥി തനിക്ക് ശീതളപാനീയം നല്‍കിയെന്നും എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും ആണ് അശ്വിന്‍ വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.
സ്‌കൂള്‍ വിട്ട് വന്നതിന്റെ അടുത്ത ദിവസം കടുത്ത പനിയെത്തുടര്‍ന്ന് അശ്വിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടിയുടെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി വ്യക്തമായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തതെന്നും എന്നാല്‍, സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും അശ്വിന്റെ മാതാപിതാക്കള്‍ പറയുന്നു. അശ്വിന് കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. നിലവില്‍ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവന്‍ നിലനിറുത്തി പോകുന്നത്. കുട്ടിയുടെ അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പ് ഉപയോഗിച്ചാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. അപകടനില തരണം ചെയ്യാത്തതിനാല്‍ കുട്ടിയുടെ വിശദമായ മൊഴി പൊലീസിന് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഈ വഴിക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.