ശബരിമല നീലിമല പാത നവീകരിച്ചു, വ്യാഴാഴ്ച തുറന്ന് നല്‍കും
1 min readപത്തനംതിട്ട: ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ മല കയറാനായി നീലിമല പാത നവീകരിച്ചു. പമ്പ മുതല്‍ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയില്‍ കല്ലുകള്‍ പാകിയിരിക്കുന്നത്. നവീകരിച്ച പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യാഴാഴ്ച തുറന്ന് കൊടുക്കും.
കല്ലും മുള്ളും നിറഞ്ഞ മലകയറ്റം ഇനി അധികം കഠിനമാവില്ല. പരമ്പരാഗത പാതയിലുടെ നീലിമല ടോപ്പും അപ്പാച്ചിമേടും ശബരീപീഠവും ശരകുത്തിയും പിന്നിട്ട് മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഭക്തദജന ലക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്നത് കല്ല് പാകിയ നിലിമല പാതയാണ്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടക വിനോദ സഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നവീകരിച്ചിരിക്കുന്നത്. ഏഴ് മീറ്റര്‍ വീതിയില്‍ 2750 മീറ്റര്‍ ദൂരത്തിലാണ് കല്ല് പാകിയത്.
കര്‍ണാടകത്തിലെ സാദര്‍ഹള്ളി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകള്‍ എത്തിച്ചത്. പരമ്പരഗത പാതയില്‍ തീര്‍ത്ഥാടകര്‍ക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഒരു വശത്ത് സ്റ്റെപ്പും ക്രമീകരിച്ചിട്ടുണ്ട്. കൈപിടിച്ച് കയറാന്‍ കൈവരികളുമുണ്ട്. അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സുകളും ഇനി നിലിമല പാത വഴി കയറ്റിവിടും. കഴിഞ്ഞ മാര്‍ച്ചിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കൊവിഡും ലോക്ഡൗണും നിര്‍മ്മാണത്തിന് തടസമായിരുന്നു. പരന്പരാഗത പാതയില്‍ കല്ല് പാകുന്നതിനെതിരെ ഏറെ വിമര്‍ശനങ്ങളുമുണ്ട്. കല്ല് പാകിയാല്‍ മഴപെയ്യുന്‌പോഴടക്കം തീര്‍ത്ഥാടകര്‍ തെന്നി വീഴാന്‍ ഇടയാകുമെന്നാണ് ആക്ഷേപം.