പരോളിലിറങ്ങി മ്യൂസിക് വീഡിയോ പുറത്തിറക്കി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം

1 min read

ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളില്‍ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷക്കിടയിലാണ് ഗുര്‍മീത് പുറത്തിറങ്ങിയത്. കുടുംബം നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുര്‍മീതിന് 40 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ദീപാവലി ദിനത്തിലാണ് യൂട്യൂബ് ചാനലില്‍ പഞ്ചാബി സംഗീത വീഡിയോ പുറത്തിറങ്ങിയത്.

രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവയില്‍ ഗുര്‍മീതിന്റെ പേരാണ് ക്രെഡിറ്റില്‍ നല്‍കിയിരിക്കുന്നത്. പുറത്തിറങ്ങി 22 മണിക്കൂറിനുള്ളില്‍ ഇതിന് 42 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. ദീപങ്ങളുമായി നടക്കുന്ന ഗുര്‍മീതിനെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ലവ് ചാര്‍ജര്‍’ എന്ന ഗാനവുമായാണ് ഗുര്‍മീത് ആല്‍ബം രംഗത്തേക്ക് എത്തിയത്.

മോചിതനായതിന് തൊട്ടുപിന്നാലെ, ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഗുര്‍മീത് വെര്‍ച്വല്‍ ‘സത്സംഗ്’ പരിപാടി സംഘടിപ്പിച്ചിരുന്നു, അതില്‍ ഹരിയാനയിലെ കര്‍ണാല്‍ മേയറും ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ പങ്കെടുത്തിരുന്നു.

റാം റഹീമിനെ പരോളില്‍ വിട്ടയച്ചതിനെ പ്രതിപക്ഷ ശക്തമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുര്‍മീത് റാം റഹീമിന് പരോള്‍ നല്‍കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തവണ ഹരിയാന, പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും ആദംപൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്. ഇതിനിടെയാണ് ഗുര്‍മീതിന് പരോള്‍ അനുവദിച്ചത്.

നേരത്തെ, 46 പൗരസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണില്‍ ഗുര്‍മീതിനെ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചിരുന്നു. ഫെബ്രുവരിയില്‍, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാഴ്ചത്തെ അവധി നല്‍കി. ‘ആദംപൂരിലെ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ദേര തലവന്‍ ഗുര്‍മീത് റാം റഹീമിന് 40 ദിവസത്തെ പരോള്‍ നല്‍കിയത്. രഹസ്യവോട്ടുകള്‍ എടുക്കാതിരിക്കാന്‍ എന്തുകൊണ്ട് റാം റഹീമിനെ ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നില്ല?’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ട്വീറ്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.