ഉദയ്പൂരിലെ റെയില്‍വേ ട്രാക്ക് പൊട്ടിത്തെറി ഭീകരാക്രമണം

1 min read

ഉദയ്പൂര്‍: ഉദയ്പൂരില്‍ റെയില്‍വേ ട്രാക്ക് പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണമാണെന്ന് രാജസ്ഥാന്‍ പൊലീസ്. ഓഡ സ്‌ഫോടനം ഭീകര പ്രവര്‍ത്തനമാണെന്നും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്.

ശനിയാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. രാത്രി 7 മുതല്‍ 7.15 വരെ ഓട ഗ്രാമത്തിലെ പ്രദേശവാസികള്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പൊലീസ് കണ്ടെത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. ശബ്ദം കേട്ട് റെയില്‍വേ ട്രാക്കിലെത്തിയ നാട്ടുകാര്‍ പൊട്ടിത്തെറിച്ച റെയില്‍വേ ട്രാക്കുകളും സ്‌ഫോടക വസ്തുക്കളും ഉരുക്ക് മാലിന്യവും കണ്ട് ഞെട്ടി. ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചാണ് പൊട്ടിത്തെറി ഉണ്ടാക്കിയത്. ഇത് സാധാരണക്കാരില്‍ ഭീതി സൃഷ്ടിച്ച് രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പൊലീസ് പറയുന്നു.

പൊട്ടിത്തെറി നടന്ന ട്രാക്കിലൂടെയാണ് ദിവസം തോറും അഹമദാബാദ് ഉദയ്പൂര്‍ അസര്‍വ്വ റൂട്ടിലേക്ക് രണ്ട് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്. യുഎപിഎ നിയമത്തിലെ സെക്ഷന്‍ 16 , സെക്ഷന്‍ 18 (ഭീകരപ്രവര്‍ത്തനം നടത്തുകയോ നടത്താനുദ്ദേശിക്കുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌ഫോടകവസ്തു നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 150, 151, 285, പൊതുജനങ്ങള്‍ക്കും സ്വത്തിനും നാശനഷ്ടം വരുത്തുന്നത് തടയുന്ന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 5 മുതല്‍ 7 വരെ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി ഷെര്‍പ്പ മീറ്റിംഗിന്റെ ക്രമീകരണങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദയ്പൂരിലെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് സ്‌ഫോടനം നടന്നത്. ഭീകരവിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ, ആര്‍പിഎഫ് എന്നിവരും കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.