പ്രീഡിഗ്രി സമരം: ഹൈക്കോടതി ശിക്ഷിച്ച എബിവിപി പ്രവര്‍ത്തകരെ വെറുതെവിട്ട് സുപ്രീകോടതി

1 min read

രണ്ടായിരത്തിലെ പീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച പതിനാല് പേരെ വെറുതെവിട്ട് സുപ്രീംകോടതി. എബിവിപി പ്രവര്‍ത്തകരായ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍, സംഘം ചേരല്‍ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്, പ്രതികളെ വെറുതെ വിട്ടത്.

കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എബിവിപി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തില്‍ തിരുവനന്തപുരത്ത് ഇരുന്നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. സംഘര്‍ഷത്തിനിടെ, കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ചു. ഈ കേസില്‍ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേര്‍ക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കേസില്‍ 14 എബിവിപി പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ല്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ആണ് 10 വര്‍ഷങ്ങള്‍ക്കിപ്പുറം, ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി.അഹമീദും ഹര്‍ജിക്കാര്‍ക്കായി അഡ്വ. ബീനാ മാധവനും ഹാജരായി.

Related posts:

Leave a Reply

Your email address will not be published.