കെഎസ്ആര്‍ടിസി ബസില്‍ മോഷണം, രണ്ട് സ്ത്രീകള്‍ പിടിയില്‍

1 min read

കൊല്ലം: കൊല്ലത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആടിസി ബസില്‍ മോഷണം. തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ അറസ്റ്റില്‍. രാമേശ്വരം സ്വദേശികളായ മുത്തുമാരിയും മഹേശ്വരിയുമാണ് പൊലീസ് പിടിയിലായത്. യാത്രക്കാരിയായ യുവതിയുടെ പേഴ്‌സാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്.

ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാക്കള്‍ ബസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു. യാത്രക്കാര്‍ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊട്ടാരക്കര പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയയിലാണ് പേഴ്‌സ് പ്രതികളുടെ കൈവശമുള്ളതായി കണ്ടെത്തിയത്. ഇരുവരും ബസുകളില്‍ സ്ഥിരമായി മോഷണം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അതേസമയം പാലക്കാട് ജില്ലയില്‍ ബസുകള്‍ കേന്ദ്രീകരിച്ച് മാല മോഷ്ടാക്കള്‍ വിലസുകയാണ്. ഇവരെ പേടിച്ച് യാത്ര ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇന്നും രണ്ട് മോഷ്ടാക്കളെ പിടികൂടിയിട്ടുണ്ട്. ബസുകളില്‍ യാത്ര ചെയ്ത് മാല മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളാണ് അറസ്റ്റിലായത്. പാലക്കാട് കണ്ണന്നൂരില്‍ ബസ് യാത്രക്കാരിയുടെ രണ്ടേമുക്കാല്‍ പവന്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശികളായ സന്ധ്യ, കാവ്യ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ബസില്‍ യാത്ര ചെയ്ത് മോഷണം പതിവാക്കിയ ഇവര്‍ക്കെതിരെ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി പത്തോളം കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പലയിടത്തും വ്യത്യസ്ത മേല്‍വിലാസമാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ മേല്‍വിലാസം ശരിയാണോ എന്ന് പരിശോധിച്ചു വരികയാണ്. അടുത്തിടെ ഇവര്‍ ബസില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Related posts:

Leave a Reply

Your email address will not be published.