പെരുനാട്ടിലെ സിപിഎം പ്രവര്‍ത്തകന്റെ മരണം: രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം, തര്‍ക്ക ഭൂമിയില്‍ വേലികെട്ടി ബിജെപി

1 min read

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടില്‍ ആത്മഹത്യ ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ തര്‍ക്ക ഭൂമിയില്‍ വേലികെട്ടി ബിജെപി. പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി അളന്ന ഭൂമിയിലാണ് വേലി കെട്ടിയത്. ഈ സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎം നേതാക്കള്‍ മാനസികമായി ഉപദ്രവിച്ചെന്നായിരുന്നു ബാബുവിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മഠത്തുംമൂഴിയിലെ വീട്ടില്‍ നടന്ന ബാബുവിന്റെ സംസ്‌കാര ചടങ്ങില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. അതേസമയം സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആണ് പാര്‍ട്ടി തീരുമാനം. ഇതിന്റെ ഭാഗമായി സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പെരുനാട്ടില്‍ വിശദീകരണം യോഗം സംഘടിപ്പിക്കും. മുന്‍ മന്ത്രി എം.എം.മണി യോഗത്തില്‍ പങ്കെടുക്കും.

ബാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന സിപിഎം നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. ആത്മഹത്യാക്കുറിപ്പിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനന്‍ അടക്കം മൂന്ന് നേതാക്കള്‍ക്കെതിരെയാണ് ബാബുവിന്റെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുള്ളത്. പി.എസ്.മോഹനന് പുറമെ ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ.തോമസ്, പഞ്ചായത്ത് അംഗം എന്‍.എസ്.ശ്യം എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍.. വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞാനൊരു സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന് തുടങ്ങുന്ന ആത്മഹത്യാക്കുറിപ്പില്‍ നേതാക്കള്‍ നിരന്തരമായി ശല്യം ചെയ്തതാണ് മരണത്തിന് കാരണമെന്ന് പറയുന്നു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വിട്ടുകൊടുക്കാത്തതാണ് തര്‍ക്കങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബുവിന്റെ അച്ഛന്‍ നല്‍കിയ സ്ഥലത്താണ് നിലവില്‍ കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. എന്നാല്‍ ശൗചാലയവും വായനശാലയയും അടക്കമുള്ള പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന് കൂടുതല്‍ സ്ഥലം വിട്ടു നല്‍കണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു.

ബാബു ഇതിന് തയ്യാറായില്ല. ബാബുവിന്റെ അനുവാദം പോലും ഇല്ലാതെ പഞ്ചായത്തില്‍ നിന്ന് സ്ഥലം അളക്കാനെത്തി. നിര്‍മാണത്തിനുള്ള സാമഗ്രികളും ഇറക്കി. ഇത് എതിര്‍ത്തതോടെ പലവിധത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ള ആരോപണങ്ങള്‍. നേതാക്കളെ ഭയന്ന് പരാതി കൊടുക്കാന്‍ പോലും മടിച്ചെന്നും കുറിപ്പിലുണ്ട്. കത്തിലുള്ളത് ബാബുവിന്റെ കയ്യക്ഷരം തന്നെയാണെന്ന് ഭാര്യ കുസ്മ കുമാരി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം എന്നാവശ്യപ്പെട്ട കുസുമകുമാരി പെരുന്നാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.