കാര്‍ വാടക നല്‍കാതെ മുങ്ങി, പിന്നാലെ പൊലീസ് അന്വേഷണം; ഒടുവില്‍ പിടികൂടിയത് എംഡിഎംഎയും കഞ്ചാവുമായി
1 min readമലപ്പുറം: മഞ്ചേരി ടൗണില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ മൊത്ത വിലക്ക് വാങ്ങി കേരളത്തിലെത്തിച്ച് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വ്യാപകമായി വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പ്രതികള്‍.
മഞ്ചേരി മംഗലശ്ശേരി സ്വദേശി വട്ടപ്പറമ്പില്‍ ഷൌക്കത്തലിയുടെ മകന്‍ റഫീക്ക് (വയസ്സ് 35), മലപ്പുറം വള്ളിക്കാപറ്റ സ്വദേശി വടക്കുപുറത്ത് വീട്ടില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ് (വയസ്സ് 33) എന്നിവരെയാണ് മഞ്ചേരി ഇന്ത്യന്‍ മാളിന് സമീപത്തെ ലോഡ്ജില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചിരുന്ന പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ ലോഡ്ജ് മുറിയിലെത്തി പരിശോധന നടകത്തുകയും മയക്കുമരുന്ന് സഹിതം പ്രതികളെ പിടികൂടുകയുമായിരുന്നു. മഞ്ചേരി ഇന്ത്യന്‍ മാളിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് ചെറിയ പാക്കറ്റുകളാക്കി ഇടപാടുകാര്‍ക്ക് വില്പന നടത്തിവരികയായിരുന്നു ഇവര്‍. ഇവരില്‍ നിന്നും 70 ഗ്രാം എംഡിഎംഎ, 60 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. പ്രതികളുടെ മുറിയില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ കച്ചവടത്തിനുള്ള പാക്കിംഗ് മെറ്റീരിയലുകളും കണ്ടെത്തിയിട്ടുണ്ട്.
മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ ബാംഗ്ലൂര്‍ യാത്രകളുടേയും മയക്കുമരുന്ന് ലഭിക്കുന്നതിന്റെ ഉറവിടത്തേയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ ഈ മാസം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം പ്രതികളിലൊരാളായ റഫീഖ് മൈസൂരില്‍ നിന്നും ടാക്‌സി വിളിച്ചു മഞ്ചേരിയിലെത്തി കാര്‍ വാടക നല്‍കാതെ ഡ്രൈവറെ കബളിപ്പിച്ചു മുങ്ങിയതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി പി. അബ്ദുല്‍ ബഷീര്‍, മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ എസ്. ഷാഹുല്‍, വി. ജീഷ്മ, ടി. മുഹമ്മദ് ബഷീര്‍, പൊലീസ് ഉദ്യോഗസ്ഥരായ എന്‍.എം. അബ്ദുല്ല ബാബു, പി. ഹരിലാല്‍, ഇ. രജീഷ്, സി. സവാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി.