‘സഹപാഠി, അയല്‍വാസി, എന്നിട്ടും കല്യാണം ക്ഷണിച്ചില്ല’; വീടുകയറി ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍
1 min readഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ മുളകുപാറയിലാണ് സംഭവം. കൈലാസം മുളകുപാറയില്‍ മുരുകേശന്‍(32), വിഷ്ണു(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈലാസം സ്വദേശി കല്ലാനിക്കല്‍ സേനന്റെ വീടിന് നേരെയാണ് കഴിഞ്ഞ വ്യാഴാഴ്ച ആക്രമണമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സേനന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകര്‍ത്തു. സേനന്റെ ഭാര്യ ലീലയേയും മകന്‍ അഖിലിനേയും ആക്രമിച്ചു.
മകന്‍ അഖിലിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സേനന്‍ പക്ഷാഘാതം വന്നു കിടപ്പിലാണ്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. ഉടുമ്പന്‍ചോല എസ്എച്ച്ഒ അബ്ദുല്‍ ഖനി, എഎസ്‌ഐ ബെന്നി, സിപിഒ ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.