എംഎസ്എംഇ രംഗത്ത് വന്‍ കുതിപ്പുമായി കേരളം
1 min readതിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രംഗത്ത് വന്‍ കുതിപ്പ്. കഴിഞ്ഞ എട്ട് മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് നിയമസഭയില്‍ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തില്‍ നടന്നത്. 2,20,500 പേര്‍ക്ക് തൊഴിലും ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളില്‍ മാത്രം പതിനായിരത്തില്‍ അധികം സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് കൈവരിക്കാന്‍ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് കൂടുതല്‍ വിപണി ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മെയിഡ് ഇന്‍ കേരള എന്ന പുതിയ ബ്രാന്റ് ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ഇന്നലെ വ്യവസായ വകുപ്പ് മന്ത്രി നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംഎസ്എംഇ ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന കേരള ബ്രാന്‍ഡ് നടപ്പാക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിനും അനുകൂല നിലപാടാണ്. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഈ പരിശ്രമം. പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 30 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംരംഭക വര്‍ഷം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് സംസ്ഥാനജില്ലാതദ്ദേശ സ്ഥാപന തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണല്‍ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികള്‍ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സഹായിച്ചിട്ടുണ്ട്.